അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാന്റെ ആയുധ നിർമ്മാണ ശാലകൾ പരമാവധി തകർക്കാൻ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് കർശന നിർദ്ദേശം നൽകി. ഇസ്രായേല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് ആണ് ഈ നിർണ്ണായക വിവരം റിപ്പോർട്ട് ചെയ്തത്. ഇറാൻ-ഇസ്രായേല്‍ യുദ്ധം 27-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആക്രമണം ഏറ്റവും തീവ്രമായ ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് ഈ ഉത്തരവ് സൂചിപ്പിക്കുന്നത്.

ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് നെതന്യാഹു 48 മണിക്കൂർ സമയം സൈന്യത്തിന് നൽകിയിരിക്കുന്നത്. മിസൈൽ ഉൽപ്പാദന കേന്ദ്രങ്ങൾ, ഡ്രോൺ ഫാക്ടറികൾ, അത്യാധുനിക ആയുധ നിർമ്മാണ ശാലകൾ എന്നിവ ലക്ഷ്യമിട്ട് വൻതോതിലുള്ള വ്യോമാക്രമണത്തിന് ഇസ്രായേല്‍ പ്രതിരോധ സേന (IDF) തയ്യാറെടുക്കുകയാണ്. ഇറാന്റെ ആയുധ വ്യവസായത്തെ കടപുഴക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അടിയന്തര നീക്കം.

അമേരിക്കൻ പ്രസിഡന്റ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതി ഇറാൻ തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേല്‍ അന്ത്യശാസനം നൽകിയിരിക്കുന്നത്. നയതന്ത്ര നീക്കങ്ങൾ ഒരുവശത്ത് നടക്കുമ്പോഴും ഇറാന്റെ സൈനിക ആസ്ഥാനങ്ങളും ആയുധ കേന്ദ്രങ്ങളും തകർക്കാനാണ് ഇസ്രായേലിന്റെ തീരുമാനം. 48 മണിക്കൂറിനുള്ളിൽ പരമാവധി നാശനഷ്ടങ്ങൾ ഇറാന് വരുത്താനാണ് സൈന്യത്തിന് ലഭിച്ചിരിക്കുന്ന രഹസ്യ നിർദ്ദേശം.