ബെംഗളൂരുവിൽ ഒറ്റയ്ക്ക് താമസിക്കുന്ന 22 വയസ്സുള്ള ഒരു യുവതി തന്‍റെ പ്രതിമാസ “ജെൻസി ചെലവുകൾ” പങ്കുവെച്ചതിന് ശേഷം സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ച. ശ്രദ്ധ സൈനി എന്ന ഉപയോക്താവാണ് തന്‍റെ ചെലവുകൾ വെളിപ്പെടുത്തി ഇന്‍സ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചത്. ഭക്ഷണം മുതൽ ആഢംബരം വരെ തന്‍റെ ചെറുതും വലുതുമായ ചെലവുകളെ കുറിച്ച് യുവതി വീഡിയോയിൽ വിശദീകരിക്കുന്നു. മില്ലേനിയലുകൾക്ക് ഒരിക്കലും മനസ്സിലാകാത്ത നിങ്ങളുടെ ഒരു ജെൻസി ചെലവ് എന്താണ്? എന്ന കുറിപ്പോടെയാണ് ശ്രദ്ധ സൈനി തന്‍റെ ചെലവുകളുടെ കെട്ട് അഴിച്ചത്.

എല്ലാ മാസവും രണ്ടോ മൂന്നോ തവണ പൂക്കൾ വാങ്ങുന്നു. ഏകദേശം 2,000 രൂപ ചെലവ് ഇതിനായുണ്ട് ഇതിന്. പ്രതിമാസം ഏകദേശം 10,000 രൂപയുടെ തെറാപ്പി ചെയ്യുന്നു. സ്വന്തം മാനസികാരോഗ്യം വിലമതിക്കാനാകാത്തതാണെന്നാണ് ശ്രദ്ധ സൈനിയുടെ അഭിപ്രായം. എല്ലാ ഞായറാഴ്ചയും ഒരു ബ്രഞ്ച് ഡേറ്റ്. അതിന് പ്രതമാസം 2,000 രൂപയാകും. എല്ലാ വാരാന്ത്യങ്ങളും തനിക്ക് സെൽഫ് ഡേറ്റുകളുണ്ടെന്നും ശ്രദ്ധ വെളിപ്പെടുത്തുന്നു. ഒപ്പം ഗ്രൂമിംഗും വിശ്രമവും തന്‍റെ ദിനചര്യയുടെ അനിവാര്യ ഭാഗങ്ങളാണെന്നും ശ്രദ്ധ പറയുന്നു. വാരാന്ത്യങ്ങളിൽ മസാജുകൾക്കും പെഡിക്യൂറുകൾക്കുമാണ്. അതിന് പ്രതിമാസം 5,000 രൂപ ചെലവാകും, പിന്നെ നഖങ്ങളുടെ പരിചരണത്തിനായി പ്രതിമാസം ഒരു 3,000 കൂടി വേണം. കഴിഞ്ഞില്ല. സ്വന്തം മാനസികാവസ്ഥ നിയന്ത്രിക്കാൻ സൗന്ദര്യാത്മക കാര്യങ്ങൾക്കായി ഏകദേശം 1,000 രൂപയോളം ചെലവഴിക്കുമെന്നും അവർ കൂട്ടിച്ചേർക്കുന്നു. ഗൈഡഡ് ജേണലുകൾ, കൃതജ്ഞതാ പ്ലാനറുകൾ, വിഷൻ ബോർഡുകൾ തുടങ്ങിയ സ്വയം പ്രതിഫലന ഉപകരണങ്ങൾക്ക് വേണ്ടി ഒരു 2,000 രൂപയും ചെലവാക്കുന്നു. തന്‍റെ ഇത്തരം ചെലവുകൾക്ക് ജെൻസി ചെലവുകൾ എന്നാണ് യുവതി നൽകിയിരിക്കുന്ന പേര്. കാരണം സ്വയമേവയുള്ള ഇത്തരം ചെലവുകൾ സാധാരണമല്ലെന്നും പലപ്പോഴും ഇതൊന്നും അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും അവ‍ർ കൂട്ടിച്ചേർത്തു.