ദുബായ്: രാജ്യത്തെ പാചകവാതക ക്ഷാമത്തിന് നേരിയ ആശ്വാസം പകര്‍ന്ന് രണ്ട് കൂറ്റന്‍ ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മുസ് കടലിടുക്ക് കടക്കുന്നു. ‘ജഗ് വസന്ത്’, ‘പൈന്‍ ഗ്യാസ്’ എന്നീ രണ്ട് കപ്പലുകളാണ് തിങ്കളാഴ്ചയോടെ സുരക്ഷിത പാതയിലേക്ക് പ്രവേശിച്ചത്.
ഒമാന്‍ തീരത്തോട് ചേര്‍ന്നാണ് സാധാരണ കപ്പലുകള്‍ പോകാറുള്ളതെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇറാന് തീരത്തെ ഖേഷ്മം, ലാറക് ദ്വീപുകള്‍ക്ക് തൊട്ടരികിലൂടെയുള്ള പാതയാണ് ഇന്ത്യന്‍ കപ്പലുകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. തങ്ങള്‍ ‘ഇന്ത്യന്‍ കപ്പലുകളാണെന്ന്’ സിഗ്നലുകള്‍ വഴി നിരന്തരം വിളിച്ചറിയിച്ചാണ് ഇവയുടെ യാത്ര.
മുന്‍പ് വന്ന കപ്പലുകളില്‍ ഒന്നിന് ഇറാന്റെ നാവികസേന നേരിട്ട് സുരക്ഷാ അകമ്പടി സേവിച്ചിരുന്നു. ഏകദേശം 14 മണിക്കൂര്‍ നീളുന്ന യാത്രയ്ക്ക് ശേഷം കപ്പലുകള്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഒമാന്‍ കടലില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്.
ഫെബ്രുവരി 28ന് പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് ഈ കപ്പലുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ധനം നിറച്ചത്. ‘ജഗ് വസന്ത്’ കുവൈത്തില്‍ നിന്നും ‘പൈന്‍ ഗ്യാസ്’ യുഎഇയിലെ റുവൈസില്‍ നിന്നുമാണ് എല്‍പിജി ശേഖരിച്ചത്. എന്നാല്‍ യുദ്ധം തുടങ്ങിയതോടെ ഇവ പുറത്തുകടക്കാനാവാതെ മേഖലയില്‍ കുടുങ്ങുകയായിരുന്നു.
ഫെബ്രുവരി അവസാന വാരം മുതല്‍ അമേരിക്ക – ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള സംഘര്‍ഷം കടുപ്പമേറിയതോടെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഏതാണ്ട് പൂര്‍ണമായും നിലച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇറാന് ഉണ്ടാക്കിയ ധാരണപ്രകാരം ഈ രാജ്യങ്ങളിലെ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്.



