ലോകത്തെ നടുക്കിയ ഇറാൻ പരമോന്നത നേതാവ് അലി ഖമനേയിയുടെ വധത്തിന് മണിക്കൂറുകൾക്ക് മുൻപേ തന്നെ അദ്ദേഹം കൊല്ലപ്പെടുമെന്ന കാര്യത്തിൽ കോടിക്കണക്കിന് രൂപയുടെ പന്തയം നടന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പോളിമാർക്കറ്റ് എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ വിചിത്രമായ ചൂതാട്ടം നടന്നത്. ഏതാണ്ട് 130 മില്യൺ ഡോളറിലധികം തുക ഈ ഒറ്റ പ്രവചനത്തിനായി മാത്രം വിപണിയിലെത്തി. സാധാരണ ഗതിയിൽ കളിക്കളങ്ങളിലോ നിക്ഷേപ വിപണികളിലോ കാണുന്ന ആവേശം, ഒരു രാഷ്ട്രത്തലവന്റെ അന്ത്യം പ്രവചിക്കുന്നതിലും ദൃശ്യമായി എന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഖാംനഈ വധിക്കപ്പെടുമെന്ന് കൃത്യമായി പന്തയം വെച്ചവർ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് ഡോളർ ലാഭമുണ്ടാക്കിയതായാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
ഒരു പ്രത്യേക സംഭവം നടക്കുമോ ഇല്ലയോ എന്ന് ഉപയോക്താക്കൾ പണം വെച്ച് പ്രവചിക്കുന്ന രീതിയാണ് പ്രവചന വിപണികൾ അഥവാ പ്രെഡിക്ഷൻ മാർക്കറ്റുകൾ. പരമ്പരാഗതമായ വഴികളിൽ നിന്നും വ്യത്യസ്തമായി, ഇവിടെ ലാഭവും നഷ്ടവും കണക്കാക്കുന്നത് പന്തയത്തിന്റെ ഓരോ ഘട്ടത്തിലുമുള്ള ഡിമാൻഡ് അടിസ്ഥാനമാക്കിയാണ്. അതായത് ഒരു സംഭവം നടക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ വരുമ്പോൾ ആ പന്തയത്തിന്റെ വില കുതിച്ചുയരും. ഇറാൻ ആക്രമണത്തിന്റെ കാര്യത്തിൽ സംഭവിച്ചത് ഇതാണ്; ആക്രമണം നടക്കാനിടയുണ്ടെന്ന സൂചനകൾ ലഭിച്ചതോടെ ‘അതെ’ എന്ന ഓപ്ഷനിൽ പണം വെച്ചവരുടെ എണ്ണം വർധിക്കുകയും വില കുത്തനെ ഉയരുകയും ചെയ്തു. വെറും ഒരു ശതമാനത്തിൽ നിന്നിരുന്ന പ്രവചന സാധ്യതകൾ ഖമനേയി കൊല്ലപ്പെട്ടുവെന്ന വാർത്തകൾക്ക് പിന്നാലെ 90 ശതമാനത്തിന് മുകളിലേക്ക് ഉയർന്നത് വിപണിയിലെ വൻ ചലനങ്ങൾക്ക് കാരണമായി.
ഈ പ്രവചന വിപണികളിൽ വിജയിച്ചവർ പലരും വ്യാജ പേരുകളിലാണ് പ്രവർത്തിക്കുന്നത് എന്നത് സുരക്ഷാ ഏജൻസികളെയും നയതന്ത്രജ്ഞരെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്. ഒരു സാധാരണക്കാരന് ലഭിക്കാത്ത അതീവ രഹസ്യമായ വിവരങ്ങൾ പല നിക്ഷേപകർക്കും മുൻകൂട്ടി ലഭിക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഡോണൾഡ് ട്രംപിന്റെ ഭരണകൂടവുമായി ബന്ധപ്പെട്ടവരോ അല്ലെങ്കിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്ന ഉദ്യോഗസ്ഥരോ തങ്ങൾക്ക് ലഭിക്കുന്ന രഹസ്യ വിവരങ്ങൾ ഉപയോഗിച്ച് ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ പണം സമ്പാദിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. ഇസ്രായേലിൽ നിന്നുള്ള രണ്ട് പേർക്കെതിരെ ഇത്തരത്തിൽ രഹസ്യ വിവരങ്ങൾ ഉപയോഗിച്ച് പന്തയം വെച്ചതിന് ഇതിനോടകം തന്നെ കേസെടുത്തിട്ടുണ്ട്. ഇതിനെ പ്രതിരോധിക്കാനായി യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് പുതിയ ബില്ലുകൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.
യുദ്ധവും മനുഷ്യ ജീവഹാനിയും പണം സമ്പാദിക്കാനുള്ള മാർഗമായി കാണുന്നതിലെ ധാർമ്മികതയെച്ചൊല്ലി വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുന്ന ഒരു യുദ്ധത്തെ ആസ്പദമാക്കി പന്തയം വെക്കുന്നത് ലോകത്തിന് നൽകുന്ന സന്ദേശം എന്താണെന്നത് ഗൗരവകരമായ കാര്യമാണ്. എന്നാൽ തങ്ങളുടെ പ്ലാറ്റ്‌ഫോം ജനങ്ങളുടെ കൂട്ടായ അറിവിനെ അടിസ്ഥാനമാക്കിയുള്ള കൃത്യമായ വിവരങ്ങൾ നൽകാൻ സഹായിക്കുന്നു എന്നാണ് പോളിമാർക്കറ്റിനെ പോലുള്ള സ്ഥാപനങ്ങളുടെ വാദം.
പലപ്പോഴും മുഖ്യധാരാ മാധ്യമങ്ങളോ സോഷ്യൽ മീഡിയയോ നൽകാത്ത കൃത്യമായ വിവരങ്ങൾ ഈ പ്രവചന വിപണിയിലെ വിലകളിലൂടെ മനസ്സിലാക്കാം എന്നാണ് അവർ അവകാശപ്പെടുന്നത്. എങ്കിലും ഒരു ഭരണകൂടത്തിന്റെ പതനവും ആണവാക്രമണം വരെയുള്ള കാര്യങ്ങളും പന്തയത്തിന് വെക്കുന്നത് യുഎസ് നിയമങ്ങൾ പ്രകാരം പലയിടത്തും നിരോധിക്കപ്പെട്ടതാണ്.
നിലവിൽ ഓൺലൈൻ ചൂതാട്ട വിപണി അതിന്റെ പ്രാരംഭ ഘട്ടത്തിലാണെങ്കിലും യൂറോപ്പിലേക്കും മറ്റ് പ്രധാന നഗരങ്ങളിലേക്കും ഇത് വേഗത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ചെറിയ തുകകൾ നിക്ഷേപിക്കുന്ന സാധാരണക്കാർ മുതൽ കോടികൾ മറിക്കുന്ന വൻകിടക്കാർ വരെ ഇതിൽ പങ്കാളികളാകുന്നുണ്ട്. ഇറാൻ യുദ്ധം പോലുള്ള വലിയ അന്താരാഷ്ട്ര പ്രതിസന്ധികൾ ചൂതാട്ടക്കാർക്ക് വലിയ ലാഭം നൽകുന്നു എന്നത് ഭാവിയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നു.
വെനസ്വേലയിലെ രാഷ്ട്രീയ മാറ്റങ്ങൾ മുതൽ നോബൽ സമ്മാനം വരെ പ്രവചിക്കാൻ ആളുകൾ തയ്യാറാകുന്നത് നിക്ഷേപ വിപണികളുടെ പുതിയ രൂപമായി മാറുകയാണ്. നിയമപരമായ നിയന്ത്രണങ്ങൾ വരാത്ത പക്ഷം ഇത്തരം പ്ലാറ്റ്‌ഫോമുകൾ അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ അനാവശ്യമായ ഇടപെടലുകൾക്കും തെറ്റായ വിവരങ്ങൾ പ്രചരിക്കാനും കാരണമാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.



