മുംബൈ: ആഡംബരക്കപ്പലിലെ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻഖാനെ രക്ഷിക്കാൻ പിതാവും നടനുമായ ഷാരൂഖ് ഖാനിൽനിന്ന് കൈക്കൂലി ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) മുൻ സോണൽ ഡയറക്ടർ സമീർ വാംഖഡെ ബോംബെ ഹൈക്കോടതിയിൽ. അഴിമതി, കൈക്കൂലി എന്നീ കുറ്റങ്ങൾ ചുമത്തി സി.ബി.ഐ. 2023 മേയിൽ തനിക്കെതിരേ രജിസ്റ്റർചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വാംഖഡെ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
സി.ബി.ഐ. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. പ്രകാരം ആര്യൻ ഖാന് ക്ലീൻ ചിറ്റ് നൽകാൻ ഷാരൂഖ് ഖാനിൽനിന്ന് വാംഖഡെ 25 കോടി രൂപ ആവശ്യപ്പെട്ടതായി ആരോപിക്കപ്പെടുന്നു. 2021 ഒക്ടോബർ രണ്ടിനാണ് രഹസ്യവിവര പ്രകാരം ആഡംബരക്കപ്പലായ കോർഡെലിയയിൽ എൻ.സി.ബി. പരിശോധന നടത്തി ആര്യൻ ഖാൻ ഉൾപ്പെടെ ഏതാനും പേരെ അറസ്റ്റ് ചെയ്തത്. ഹർജിയിൽ ചൊവ്വാഴ്ചയും വാദം കേൾക്കൽ തുടരുമെന്ന് ഹൈക്കോടതി അറിയിച്ചു.



