കൊച്ചി ∙ കൊച്ചി നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി മുഹമ്മദ് ഷിയാസിനെതിരെ ജാതിയുടേയും മതത്തിന്റേയും േപരു പറഞ്ഞ് ആരും വരേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘അതുക്കും മേലെ’യാണ് ഷിയാസ് എന്നും എല്ലാ മതങ്ങളിലേയും ആളുകൾ ഹൃദയത്തിലേറ്റിയ ആളാണ് ഷിയാസ് എന്നും സതീശൻ പറഞ്ഞു. കൊച്ചി നിയോജക മണ്ഡലത്തിലെ യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ.

‘‘ഉയർന്ന മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്ന മുന്നണിയാണ് യുഡ‍ിഎഫ്. ഒരാളും വർഗീയത പറഞ്ഞു വരേണ്ടതില്ല. തിരഞ്ഞെടുപ്പു കാലത്താണെങ്കിലും അങ്ങനെ പറഞ്ഞാൽ ചോദ്യം ചെയ്യും. ചിലർ വോട്ടുബാങ്കുണ്ടെന്ന് പറയും. അങ്ങനെ വോട്ടുബാങ്ക് കാണിച്ച് ഭീഷണിപ്പെടുത്താൻ വന്നാൽ അത് കയ്യിൽവച്ചാൽ മതിയെന്നു പറയും’’– സതീശൻ പറഞ്ഞു.