പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന യുദ്ധം 23-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആഗോള വിപണിയെയും നയതന്ത്ര ലോകത്തെയും മുൾമുനയിൽ നിർത്തി ഇറാന്റെ നിർണ്ണായക പ്രഖ്യാപനം. ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നു നൽകിയില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങൾ ചാരമാക്കുമെന്ന അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ അന്ത്യശാസനത്തിന് മറുപടിയുമായി ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ രംഗത്തെത്തി. ഇറാന് നേരെയുള്ള ഏതൊരു ഭീഷണിയെയും യുദ്ധക്കളത്തിൽ നേരിടുമെന്നും ഇത്തരം നീക്കങ്ങൾ ഇറാൻ ജനതയെ കൂടുതൽ ഐക്യപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച, 2026 മാർച്ച് 22-ന് വൈകുന്നേരമാണ് മസൂദ് പെസഷ്കിയാൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ താക്കീതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് മസൂദ് പെസഷ്കിയാൻ പ്രതികരിച്ചത്. ഇറാന് നേരെയുള്ള ഭീഷണികളും ഭീകര പ്രവർത്തനങ്ങളും രാജ്യത്തെ തകർക്കില്ലെന്നും മറിച്ച് കൂടുതൽ കരുത്തരാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഭ്രാന്തമായ ഭീഷണികളെ യുദ്ധക്കളത്തിൽ ഞങ്ങൾ ദൃഢമായി നേരിടും’ എന്ന് അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിലും ഇറാൻ പ്രസിഡൻ്റ് നിലപാട് ആവർത്തിച്ചു. ഹോർമുസ് കടലിടുക്ക് ലോകത്തിന് മുൻപിൽ തുറന്നുതന്നെയാണ് കിടക്കുന്നത്. എന്നാൽ ഇറാന്റെ മണ്ണ് ആക്രമിക്കുന്നവർക്കും പരമാധികാരത്തെ ലംഘിക്കുന്നവർക്കും പ്രവേശനം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാന്റെ വൈദ്യുതി നിലയങ്ങൾ ആക്രമിച്ചാൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്ക്കുമെന്ന് ഇറാന്റെ വിപ്ലവ ഗാർഡ് (ഐ ആർ ജി സി) നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തകർത്ത വൈദ്യുതി നിലയങ്ങൾ പുനർനിർമ്മിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്നും ഇസ്റാഈലിലെ ഐ ടി, ഊർജ്ജ കേന്ദ്രങ്ങൾ വ്യാപകമായി ലക്ഷ്യം വെക്കുമെന്നും ഇറാൻ പറഞ്ഞു. കൂടാതെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് ആതിഥ്യമരുളുന്ന മേഖലയിലെ മറ്റ് രാജ്യങ്ങളുടെ ഊർജ്ജ കേന്ദ്രങ്ങളും തങ്ങളുടെ നിയമാനുസൃത ലക്ഷ്യമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് നൽകിയ 48 മണിക്കൂർ സമയം മമ്മിക്കൂറുകൾക്കുള്ളിൽ അവസാനിക്കാനിരിക്കെ ലോകം വലിയൊരു ഊർജ്ജ പ്രതിസന്ധിയുടെ ഭീതിയിലാണ്.