പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന യുദ്ധം 24-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ലോകം കണ്ട ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധിയും സാമ്പത്തിക തകർച്ചയും പടിവാതിൽക്കൽ. ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ പൂർണ്ണമായും തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങൾ ചാരമാക്കുമെന്ന അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ അന്ത്യശാസനം ഉടൻ അവസാനിക്കുകയാണ്. ഈ ഭീഷണിക്ക് പിന്നാലെ തിങ്കളാഴ്ച, 2026 മാർച്ച് 23-ന് രാവിലെ ഏഷ്യൻ വിപണികൾ കൂപ്പുകുത്തി. ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ സർവ്വകാല ഇടിവായ 93.94 എന്ന നിലയിലെത്തി.

ആഗോള എണ്ണവിപണിയിലെ കടുത്ത ക്ഷാമം പരിഗണിച്ച് ഇറാന് മേലുള്ള എണ്ണ ഉപരോധത്തിൽ അമേരിക്ക 30 ദിവസത്തെ താത്കാലിക ഇളവ് അനുവദിച്ചു. സമുദ്രത്തിൽ കപ്പലുകളിൽ കെട്ടിക്കിടക്കുന്ന 140 മില്യൺ ബാരലോളം വരുന്ന ഇറാൻ എണ്ണ വിറ്റഴിക്കാൻ അനുവദിക്കുമെന്ന വൈറ്റ് ഹൗസ് പ്രഖ്യാപനത്തിന് പിന്നാലെ ചൈനീസ് ഗവൺമെന്റ് കമ്പനികൾ ടെഹ്റാനുമായി ചർച്ചകൾ തുടങ്ങി. ഇന്ത്യയും ഈ ഇളവ് പ്രയോജനപ്പെടുത്തി ഇറാൻ ക്രൂഡ് ഓയിൽ വാങ്ങാനുള്ള നീക്കത്തിലാണ്. ആഗോള ക്രൂഡ് ഓയിൽ വിപണിയിലെ സമ്മർദ്ദം കുറയ്ക്കാനാണ് അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ ഈ ‘ഡബിൾ ഗെയിം’ എന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

യുദ്ധമുഖത്ത് സാധാരണക്കാരുടെ ദുരിതം വർദ്ധിക്കുകയാണ്. പടിഞ്ഞാറൻ ഇറാന്റെ ഭാഗമായ ഖുറമാബാദിൽ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെയുണ്ടായ ഇസ്രായേല്‍ ആക്രമണത്തിൽ ഒരു പിഞ്ചുകുട്ടി കൊല്ലപ്പെട്ടതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ടെഹ്റാൻ, കരാജ്, ബന്ദർ അബ്ബാസ്, ഉർമിയ എന്നിവിടങ്ങളിലും ഇസ്റാഈൽ കനത്ത നാശനഷ്ടങ്ങൾ വരുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇസ്രായേല്‍ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് ജനീവ കൺവെൻഷനുകളുടെ നഗ്നമായ ലംഘനമാണെന്ന് ഇറാൻ റെഡ് ക്രസന്റ് ആരോപിച്ചു. ഇറാന്റെ വൈദ്യുതി തടഞ്ഞാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളുടെ വൈദ്യുതി തടയുമെന്ന് ഇറാൻ വിപ്ലവ ഗാർഡ് (ഐ ആർ ജി സി) താക്കീത് നൽകി.

യുദ്ധം ഗൾഫ് രാജ്യങ്ങളുടെ ആകാശത്തും പടരുകയാണ്. റിയാദിന് നേരെ വന്ന മിസൈൽ സൗദി പ്രതിരോധ സേന ആകാശത്ത് വെച്ച് തകർത്തു. അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരു ഇന്ത്യൻ പൗരന് പരിക്കേറ്റതായി യു എ ഇ സ്ഥിരീകരിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥ വലിയൊരു ഭീഷണിയിലാണ് നേരിടുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധി 1970-കളിലെ ഊർജ്ജ പ്രതിസന്ധിയേക്കാൾ ഭീകരമാണെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി മേധാവി ഫാത്തി ബിറോൾ കാൻബറയിൽ മുന്നറിയിപ്പ് നൽകി. 40-ലധികം ഊർജ്ജ ആസ്തികൾ ഇതിനോടകം തകർക്കപ്പെട്ടത് ലോകത്തെ ഇന്ധന ലഭ്യതയെ സാരമായി ബാധിക്കും.