പശ്ചിമേഷ്യൻ യുദ്ധം 24-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാന്റെ ഡ്രോൺ നിർമ്മാണ ശൃംഖലയ്ക്ക് കനത്ത ആഘാതമേൽപ്പിച്ചതായി അമേരിക്കൻ സൈന്യം അവകാശപ്പെട്ടു. ഇറാന്റെ മധ്യഭാഗത്തുള്ള കോം (Qom) പ്രവിശ്യയിലെ പ്രധാന ഗ്യാസ് ടർബൈൻ എൻജിൻ നിർമ്മാണ ശാല അമേരിക്കൻ വ്യോമാക്രമണത്തിൽ തകർത്തു. തിങ്കളാഴ്ച, 2026 മാർച്ച് 23-നാണ് അമേരിക്കൻ സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ആകാശക്കരുത്തിന്റെ നട്ടെല്ലായിരുന്ന കേന്ദ്രമാണ് ഇതോടെ ഇല്ലാതായത്.

‘കോം ടർബൈൻ എൻജിൻ പ്രൊഡക്ഷൻ പ്ലാന്റ്’ (Qom Turbine Engine Production Plant) എന്നാണ് ഈ തന്ത്രപ്രധാന സൈനിക കേന്ദ്രം അറിയപ്പെടുന്നത്. ഇറാന്റെ ആക്രമണ ഡ്രോണുകൾക്കും വിപ്ലവ ഗാർഡ് ഉപയോഗിക്കുന്ന വിമാനങ്ങൾക്കും ആവശ്യമായ ഗ്യാസ് ടർബൈൻ എൻജിനുകളും മറ്റ് ഭാഗങ്ങളുമാണ് ഇവിടെ നിർമ്മിച്ചിരുന്നത്. ഇറാന്റെ വിഖ്യാതമായ ഡ്രോൺ വ്യൂഹത്തിന് ആവശ്യമായ സാങ്കേതിക കരുത്ത് പകർന്നിരുന്നത് ഈ കേന്ദ്രമായിരുന്നു.

സൈനിക നടപടിയുടെ ആഘാതം വ്യക്തമാക്കുന്നതിനായി ആക്രമണത്തിന് മുൻപും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് എക്സിലൂടെ പുറത്തുവിട്ടു. 2026 മാർച്ച് ആറിലെ ചിത്രത്തിൽ സമുച്ചയങ്ങൾ സുരക്ഷിതമായിരിക്കുന്നത് കാണാം. എന്നാൽ മാർച്ച് ഒൻപതിലെ ചിത്രത്തിൽ കെട്ടിടങ്ങൾ പൂർണ്ണമായും തകർന്ന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി ദൃശ്യമാണ്. അമേരിക്കയുടെ വ്യോമാക്രമണം കൃത്യമായ ലക്ഷ്യസ്ഥാനത്ത് പതിച്ചുവെന്ന് ഈ ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് ഇറാന് 48 മണിക്കൂർ അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് ഈ സൈനിക വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇറാന്റെ നാവിക-വ്യോമ സേനകൾ ഇതിനോടകം തകർന്നുവെന്നും അവർക്ക് പ്രതിരോധ ശേഷി അവശേഷിക്കുന്നില്ലെന്നും അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. നേരത്തെ ടെഹ്റാന് സമീപത്തെ ബാലിസ്റ്റിക് മിസൈൽ അസംബ്ലി യൂണിറ്റ് തകർത്തതായി അമേരിക്ക അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഡ്രോൺ എൻജിൻ ഫാക്ടറിയും തകർന്നത് ഇറാന്റെ പ്രത്യാക്രമണ ശേഷിയെ സാരമായി ബാധിക്കുമെന്നാണ് വൈറ്റ് ഹൗസിന്റെ കണക്കുകൂട്ടൽ.