ഇറാന്–അമേരിക്ക–ഇസ്രയേല്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ വിവാദ പ്രസ്താവനയുമായി പാക്കിസ്ഥാന്റെ ഇന്ത്യയിലെ മുന്‍ ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിത്. അമേരിക്കയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ആക്രമണ ഭീഷണിയുണ്ടാകുന്ന പക്ഷം പാക്കിസ്ഥാന് ഇന്ത്യയെ ആക്രമിക്കുമെന്നാണ് അബ്ദുല്‍ ബാസിതിന്റെ വെളിപ്പെടുത്തല്‍. ഇതൊരു സാങ്കല്‍പ്പിക അവസ്ഥയാണെന്നും അമേരിക്ക ഇറാനെ ആക്രമിച്ചപ്പോള്‍ ഇറാന് അമേരിക്കയെ നേരിട്ട് ആക്രമിക്കാതെ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് വ്യോമത്താവളങ്ങള്‍ ആക്രമിച്ചത് ഉദാഹരിച്ചാണ് ബാസിതിന്റെ മറുപടി. 2014 മുതല്‍ 2017 വരെയാണ് പാക് ഹൈക്കമ്മിഷണറായി ബാസിത് ഇന്ത്യയില്‍ ഉണ്ടായിരുന്നത്.
ഇറാനിലെ കാര്യങ്ങള്‍ വഷളാവുകയാണെന്ന് കരുതൂ.. ഇസ്രയേലാവട്ടെ അമേരിക്കയോട് അടുത്ത് നില്‍ക്കുകയുമാണ്. ഈ സാഹചര്യത്തില്‍ അമേരിക്ക പാക്കിസ്ഥാന്റെ ആണവ പദ്ധതി ലക്ഷ്യമിട്ട് ആക്രമണം നടത്തിയാല്‍ പാക്കിസ്ഥാന് തിരിച്ചടിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. പക്ഷേ അത് ഇന്ത്യയിലെ ഡല്‍ഹിയും മുംബൈയും ആക്രമിച്ചാകും’ എന്നായിരുന്നു ബാസിതിന്റെ പ്രതികരണം. അമേരിക്കയെ നേരിട്ട് ആക്രമിക്കാന്‍ പാക്കിസ്ഥാന് പരിമിതികള്‍ ഉണ്ടെന്നും അതുകൊണ്ടാണ് ഇന്ത്യയെ ആക്രമിക്കുകയെന്നും ബാസിത് വിശദീകരിച്ചു. പാക്കിസ്ഥാന് നേരെ ആക്രമണം ഉണ്ടായെന്ന് കരുതൂ, ഞങ്ങള്‍ക്ക് ഇസ്രയേലിനെയോ അമേരിക്കയെയോ നേരിട്ട് ആക്രമിക്കുക സാധ്യമല്ല. സ്വാഭാവികമായും ഇന്ത്യയെ ആക്രമിക്കും. അതിന് ഒരുമടിയും ഉണ്ടാവുകയില്ല. കാലതാമസവുമുണ്ടാകില്ല’ എന്നും അദ്ദേഹം വിശദീകരിച്ചു. അത്തരത്തില്‍ ഇന്ത്യയെ ആക്രമിക്കുന്നത് കൊണ്ടുള്ള അനന്തര ഫലം പിന്നീട് മാത്രമേ ആലോചിക്കുകയുള്ളൂവെന്നും ബാസിത് പറയുന്നു.



