കൊച്ചി: അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതിയുടെ ബസ് കോടതി ജപ്തി ചെയ്തു. സ്റ്റേജ് ആര്‍ട്ടിസ്റ്റും നടനും ഗാനമേള ട്രൂപ്പ് കോതമംഗലം കലാഗൃഹം ഡയറക്ടറുമായ എറണാകുളം നെല്ലിമറ്റം കാക്കനാട് വീട്ടില്‍ കലാഭവന്‍ സോബി ജോര്‍ജിന്റെ ബസാണ് കോതമംഗലം കോടതി ജപ്തി ചെയ്തത്. ജപ്തി നടപടികള്‍ക്കായി എത്തിയ കോടതി ജീവനക്കാരെ ഇയാള്‍ വെല്ലു വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

2013-ല്‍ അമേരിക്കയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ മകന് ജോലി വാഗ്ദാനം ചെയ്തു കൂനമ്മാവ് സ്വദേശിയായ ടി.വി. സെബാസ്റ്റ്യന്റെ കയ്യില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. 2018-ല്‍ എറണാകുളം പ്രിന്‍സിപ്പാള്‍ മുന്‍സിഫ് കോടതി പ്രതിയില്‍ നിന്ന് 2.80 ലക്ഷം രൂപ ഈടാക്കി സെബാസ്റ്റ്യന് നല്‍കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, പ്രതിയുടെ നിസ്സഹകരണം മൂലം ഇത് നടപ്പാക്കാനായില്ല.

വീണ്ടും നിയമ പോരാട്ടം നടത്തി 2025 സെപ്റ്റംബറിലാണ് ബസ് ജപ്തി ചെയ്തു നഷ്ടപരിഹാര തുകയും പലിശയുമടക്കം 5,51,274 രൂപ ഈടാക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ മുനിസിഫ് കോടതി ഉത്തരവിട്ടു. ബസ് കിടക്കുന്നത് കോതമംഗലമായതിനാല്‍ കേസ് കോതമംഗലം കോടതിയിലേക്ക് മാറ്റി. ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മുന്‍സിഫ് കം മജിസ്ട്രേട്ട് എം.എ ഗണേഷ് കുമാറാണ് ഉത്തരവിട്ടത്.

ബസ് ജപ്തി ചെയ്തു കൊണ്ടു പോകുന്നത് ഒഴിവാക്കാന്‍ ബസിന്റെ ടയറുകളെല്ലാം ഊരിമാറ്റി മറുതന്ത്രം

ചൊവ്വാഴ്ചയാണ് ജപ്തി നടപടികള്‍ക്കായി കോടതി ജീവനക്കാരും പോലീസും ആര്‍ടിഓ ഉദ്യോഗസ്ഥരും എത്തിയത്. എന്നാല്‍, ജപ്തി ചെയ്യേണ്ട ബസ്സുള്‍പ്പെടെ അവിടെയുണ്ടായിരുന്ന 5 ബസ്സുകളുടെയും ടയറുകളെല്ലാം ഊരിമാറ്റിയ ശേഷം ഗേറ്റ് പൂട്ടി സോബി ജോര്‍ജ്ജ് സ്ഥലം വിടുകയും ചെയ്തു. ഇതോടെ വീണ്ടും കോടതിയില്‍ നിന്നും പൂട്ട് പൊളിച്ച് കയറി ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഉത്തരവ് നല്‍കി. ടയര്‍ ഇല്ലാത്തതിനാല്‍ രണ്ട് ക്രെയിനുകള്‍ എത്തിച്ചു. ബസിന്റെ പിന്നിലേക്ക് രണ്ടു ടയറുകള്‍ പുറമേ നിന്ന് എത്തിച്ചു ഘടിപ്പിച്ച ശേഷം ക്രെയിന്‍ ഉപയോഗിച്ച് വലിച്ചു കൊണ്ടുപോവുകയായിരുന്നു.

നിയമ പോരാട്ടം നടത്തിയത് അഡ്വ സിസ്റ്റര്‍ മേരി ട്രീസ

2014 മണി സ്യൂട്ട് ഫയല്‍ ചെയ്തത് കൊണ്ടാണ് സോബി ജോര്‍ജ്ജ് തട്ടിയെടുത്ത പണം തിരികെ ലഭിക്കാന്‍ ജപ്തി നടപടിയിലേക്ക് പോകാന്‍ കഴിഞ്ഞതെന്ന് അഡ്വ. സിസ്റ്റര്‍ മേരി ട്രീസ പറഞ്ഞു. രണ്ട് തവണ അനുകൂല വിധി ലഭിച്ചെങ്കിലും പ്രതിയുടെ സ്വത്ത് വിവരം കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് പ്രതിയുടെ വീടും സ്ഥലവും അമ്മയുടെ പേരിലേക്ക് മുന്‍കൂട്ടി തന്നെ മാറ്റിയതായി കണ്ടെത്തിയത്.

ഇതോടെ വാഹനങ്ങളുടെ വിവരങ്ങള്‍ ആര്‍.ടി ഓഫിസില്‍ നിന്നും എടുത്തപ്പോള്‍ ബസുകളും കാറുകളുമായി പതിനഞ്ചോളം വാഹനങ്ങള്‍ പ്രതിയുടെ പേരിലുണ്ടെന്ന് കണ്ടെത്തി. അങ്ങനെയാണ് 32 ലക്ഷം രൂപ വിലയുള്ള ബസ് ജപ്തി ചെയ്യാന്‍ തീരുമാനിച്ചത്. ആദ്യം ബസ് ജപ്തി ചെയ്യനെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന വാഹനങ്ങളുടെ എല്ലാം രജിസ്ട്രേഷന്‍ നമ്പര്‍ ഇളക്കി മാറ്റിയിരുന്നു. പിന്നീട് മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ ചെയ്സസ് നമ്പര്‍ കണ്ടെത്തിയാണ് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. ജപ്തി നടപടികള്‍ക്കായി വലിയൊരു തുക തന്നെ അഡ്വ സിസ്റ്റര്‍ മേരീ ട്രീസയ്ക്ക് ചിലവായി.

കാരണം പരാതിക്കാരന് ആ തുക മുടക്കാനുള്ള കഴിവില്ലായിരുന്നു. ഈ ചിലവുകളും ചേര്‍ത്ത് അടുത്ത ആഴ്ച ബസ് ലേലത്തില്‍ വില്‍ക്കാനാണ് തീരുമാനം. സീനിയര്‍ അഡ്വ. പി.എഫ് റോസിയും നിയമ പോരാട്ടത്തില്‍ അഡ്വ സിസ്റ്റര്‍ മേരി ട്രിസയ്ക്ക് പിന്‍തുണയുമായി ഉണ്ടായിരുന്നു.