കൊല്ലം: കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി ഇടതിന്റെ ഉരുക്കുകോട്ടയായ ഒരു മണ്ഡലം. അരിവാൾ ചുറ്റിക നക്ഷത്രമല്ലാതെ മറ്റൊരു ചിഹ്നവും പതിയാത്ത മണ്ഡലം. എന്നാൽ, ഇത്തവണ മാറ്റത്തിന്റെ കാറ്റ് വീശാൻ ശക്തമായ സാധ്യതയുള്ള മണ്ഡലം. അങ്ങനെ കൊല്ലം മണ്ഡലത്തിന് സവിശേഷതകളേറെയാണ്. 2001ന് ശേഷം ‘കൈ വിട്ട’ കൊല്ലം മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. കൊല്ലത്തിന്റെ രാഷ്ട്രീയ ചിത്രത്തിൽ സമീപകാലത്തുണ്ടായ വലിയ മാറ്റങ്ങൾ തന്നെയാണ് യുഡിഎഫിന് സ്വപ്നങ്ങൾ കാണാനുള്ള ഊർജ്ജം നൽകുന്നത്.
കഴിഞ്ഞ അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാൽ കൊല്ലം ഇടത്തേയ്ക്ക് മാത്രമാണ് പോകാറുള്ളതെന്ന് വ്യക്തമാകും. മണ്ഡലത്തിൽ 2001ലാണ് യുഡിഎഫ് അവസാനമായി വിജയിച്ചത്. അന്ന് സംസ്ഥാനത്ത് ഉടനീളം വീശിയടിച്ച ആന്റണി തരംഗമാണ് യുഡിഎഫിന്റെ വിജയത്തിന് കരുത്തായത്. ആർ എസ് പി പിളർന്ന് രൂപീകരിച്ച ആർ എസ് പി (ബി) സ്ഥാനാർത്ഥിയായ ബാബു ദിവാകരൻ വിജയിച്ചു. എൽഡിഎഫ് വിട്ട് യുഡിഎഫിനൊപ്പം നിന്ന് മത്സരിച്ച അദ്ദേഹം ഇടത് സ്ഥാനാർത്ഥിയെ 12,000-ൽപ്പരം വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. എന്നാൽ, പിന്നീടങ്ങോട്ട് ഇടതുപക്ഷത്തിന്റെ തേരോട്ടമായിരുന്നു കൊല്ലം മണ്ഡലത്തിൽ കാണാനായത്.
2011ൽ എൽഡിഎഫ് യുഡിഎഫിൽ നിന്ന് കൊല്ലം മണ്ഡലം തിരിച്ചുപിടിച്ചു. കോൺഗ്രസിന്റെ കെ.സി. രാജനെ 8,540 വോട്ടുകൾക്ക് തോൽപ്പിച്ച് പി.കെ. ഗുരുദാസൻ നിയമസഭയിലെത്തി. സജീവ രാഷ്ട്രീയം വിട്ട പി.കെ. ഗുരുദാസന് പകരക്കാരനായി 2016ൽ നടൻ മുകേഷിന്റെ എൻട്രി. സിനിമാ ഗ്ലാമറും പാർട്ടി വോട്ടുകളും ചേർന്നപ്പോൾ കോൺഗ്രസിന്റെ സൂരജ് രവിയെ മറികടന്ന് മുകേഷ് 17,611 വോട്ടുകൾക്ക് ജയിച്ചുകയറി. എന്നാൽ, 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് മാറ്റത്തിന്റെ സൂചനകൾ പ്രകടമായി. രണ്ടാം തവണയും അങ്കത്തിനിറങ്ങിയ മുകേഷ് കോൺഗ്രസ് കളത്തിലിറക്കിയ ബിന്ദു കൃഷ്ണയ്ക്ക് മുന്നിൽ വിയർത്തു.



