‘തീയേറ്ററിൽ കൂവൽ കിട്ടി തോറ്റ സിനിമയാണ് ‘ആട് ഒരു ഭീകരജീവിയാണ്’. അറിയാവുന്ന പണി ചെയ്താൽ പോരെ എന്ന് മുഖത്ത് നോക്കി ചോദിച്ചവരുണ്ട്, അത് കേട്ട് മനസ് തകർന്നിട്ടുണ്ട്. ആദ്യ സിനിമ തന്നെ പരാജയപ്പെടുന്നത് ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം രണ്ടാമതൊരു സിനിമയ്ക്കുള്ള അവസരം പോലും ഇല്ലാതാവുന്നത് പോലെയാണ്. ഇനിയെന്ത് എന്ന് ആലോചിച്ച് ഇരിക്കുന്ന സമയത്താണ് ആടിന്റെ ഡിവിഡി ഇറങ്ങുന്നത്.
ആദ്യം നൂറ് സെറ്റ് വിറ്റു പോയി. അത് ഇരുനൂറായി, അഞ്ഞൂറായി, ആയിരമായി, റെക്കോർഡ് ഡിവിഡികളാണ് ഫ്രൈഡേ ഫിലിം ഹൗസ് വിറ്റത്.. അവിടുന്നങ്ങോട്ട് ചരിത്രമാണ്. ഷാജി പാപ്പനും, അറക്കൽ അബുവും, ഷമീറും, ഡ്യൂഡുമുൾപ്പടെയുള്ളവർ ഹീറോകളായി മാറുന്നു ആട് കൾട്ട് സ്റ്റാറ്റസിലേക്ക് മാറുന്നു. ലോക സിനിമാ ചരിത്രത്തിൽ പരാജയപ്പെട്ട സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നത് അപൂർവമാണ്’…. മാതൃഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആട് ഒരു ഭീകരജീവിയാണ് എന്ന തന്റെ ആദ്യ ചിത്രത്തെക്കുറിച്ച് മനസ് തുറന്നത് ഇങ്ങനെയാണ്.. മിഥുൻ പറഞ്ഞ ചരിത്രത്തിന്റെ താളിലേക്കാണ് ആരാധകർ അക്ഷമയോടെ കാത്തിരുന്ന ആടിന്റെ മൂന്നാം ഭാഗം എത്തിച്ചേർന്നിരിക്കുന്നത്.
തീയേറ്ററുകൾ പൂരപറമ്പാക്കിയ പാപ്പന്റെയും പിള്ളേരുടെയും രണ്ടാം വരവ് പോലെ തന്നെ ഗംഭീരമാക്കിയ മൂന്നാമങ്കം. ആദ്യ രണ്ട് ഭാഗങ്ങളിലെയും പ്രധാന കഥാപാത്രങ്ങൾക്ക് ഗംഭീര ഇൻട്രോ കൊടുത്ത് കൊണ്ട് തന്നെയാണ് മൂന്നാം ഭാഗവും ആരംഭിക്കുന്നത്. പാപ്പൻ, അറക്കൽ അബു, സർബത്ത് ഷമീർ, സാത്താൻ സേവ്യർ, ഡ്യൂഡ് തുടങ്ങിയവരുടെ സ്വാഗ് ഇൻട്രോ തന്നെ ആരാധകരെ ആവേശത്തിലാക്കും.
ആദ്യ രണ്ട് ഭാഗങ്ങൾ പോലെ ഇവരുടെ ജീവിതത്തിൽ ഇന്ന് നടന്നു പോകുന്ന കാര്യങ്ങളല്ല മൂന്നാം ഭാഗത്തിൽ. ഒരു ടൈം ട്രാവൽ ഫാന്റസി കോമഡി ചിത്രം എന്ന് വേണം ആട് 3നെ വിശേഷിപ്പിക്കാൻ. മുജ്ജന്മവും ഈ ജന്മവും ഇനി വരുന്ന ജന്മവുമെല്ലാം പരസ്പരം ബന്ധപ്പെടുത്തി ഒരുക്കിയിരിക്കുന്ന അടിമുടി ഹാസ്യം നിറഞ്ഞ ഒരു ചിരിപ്പടം. നീലക്കൊടുവേലിയും കമ്മട്ടവും തപ്പി പോയ ആദ്യ ഭാഗങ്ങൾ പോലെ മൂന്നാം ഭാഗത്തിലും എല്ലാവരും അന്വേഷിക്കുന്ന അപൂർവ വസ്തുവുണ്ട്. നക്ഷത്രധൂളി. അതിന്റെ പ്രത്യേകതയെന്തെന്നും പോയ കാലത്തിലും വരുന്ന കാലത്തിലുമുള്ളവർ എന്തിനത് തേടുന്നു എന്നത് ചിത്രം കണ്ട് തന്നെ മനസിലാക്കണം.
ഏറ്റവും രസകരമായ കാര്യം മുജ്ജന്മത്തിലെ കഥാപാത്രങ്ങൾക്കും ഗംഭീര ഇൻട്രോ സോങ്ങ് ഉൾപ്പടെ കൊടുത്തിട്ടുണ്ട് എന്നതാണ്. ഭൂതം, ഭാവി, വർത്തമാനം എന്നിങ്ങനെ മൂന്നു കാലങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. പാപ്പന്റെ മുജ്ജന്മത്തിലെ കഥാപാത്രമായ നാട്ടുരാജാവ് പത്മനാഭനും ഡ്യൂഡിന്റെ അസം ഖാനും, അബുവിന്റെ കോമൻ കുറുപ്പുമെല്ലാം ചിരിപ്പിക്കുമെന്നുറപ്പ്. എങ്കിലും മൂന്ന് ഭാഗങ്ങളിലും പ്രേക്ഷകന് ഓർത്തോർത്ത് ചിരിക്കാനുള്ള വക നൽകിയത് ധർമജന്റെ സച്ചിൻ ക്ലീറ്റസ് ആണെന്ന് നിസംശയം പറയാം. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളുമായി സച്ചിൻ മൂന്നാം ഭാഗത്തിലും താരമായി. മൂന്ന് ഭാഗത്തിലും പൊതുവായ മറ്റൊന്നുണ്ട്. പാപ്പന്റെ നടുവേദന. അതെന്തുകൊണ്ട് പാപ്പനെ വിട്ടുമാറുന്നില്ല എന്നതും ചിത്രം പറയുന്നുണ്ട്. എങ്കിലും എല്ലാത്തിനും തുടക്കം കുറിച്ച പിങ്കിയാടിനെ നമ്മൾ മിസ് ചെയ്യും.
ചിരിക്ക് പുറമേ ആക്ഷനും പ്രാധാന്യം നൽകുന്നുണ്ട് മൂന്നാം ഭാഗം. നാടൻ തല്ലിന് പുറമേ യുദ്ധവും പ്രേക്ഷകന് കാണാനുണ്ട്. അതുപോലെ വിദേശികളായ താരങ്ങളും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. പിന്നെ മറ്റൊന്ന് പാപ്പന്റെ സ്‌റ്റൈലാണ്. ആട് 3 ലെ പാപ്പന്റെ വസ്ത്രങ്ങളും ട്രെൻഡ് ആകുമെന്നുറപ്പ്. പാപ്പനായെത്തുന്ന ജയസൂര്യയുടെ ഭാര്യയും ഡിസൈനറുമായ സരിത ജയസൂര്യയാണ് ഈ സ്‌റ്റൈലിന് പിന്നിൽ. ആദ്യ രണ്ട് ഭാഗങ്ങളിലെ പാപ്പന്റെ മുണ്ടും ഷർട്ടുമെല്ലാം യുവാക്കൾക്കിടയിൽ തരംഗമായി മാറിയിരുന്നു.
പാപ്പന്റെയും പിളേളരുടെയും യാത്ര പക്ഷേ ഇവിടം കൊണ്ടും അവസാനിക്കുന്നില്ല. യുദ്ധമാണ് നടക്കാൻ പോകുന്നത്. പക്ഷേ ഭാവിയും ഭൂതവും തമ്മിലാണോ ആ യുദ്ധം അതോ ആരെല്ലാം തമ്മിലാകും ആ യുദ്ധമെന്നത് കാണാനാകും ഇനി പ്രേക്ഷകർ കാത്തിരിക്കേണ്ടത്.
വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ഈ കോമഡി ഫാന്റസി ചിത്രം നിർമിച്ചിരിക്കുന്നത്. ഷാൻ റഹ്‌മാന്റേതാണ് പശ്ചാത്തല സംഗീതം.



