ഇന്ത്യൻ നിയമചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച ദയാവധ വിധിക്ക് പിന്നാലെ 31-കാരനായ ഹരീഷ് റാണയ്ക്ക് കണ്ണീരോടെ വിട നൽകി കുടുംബം. കഴിഞ്ഞ 13 വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഹരീഷിന് ദയാവധം അനുവദിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി ജീവൻരക്ഷാ ഉപാധികൾ ഘട്ടംഘട്ടമായി നീക്കം ചെയ്യുന്ന നടപടികൾക്കായി ഹരീഷിനെ ഡൽഹി എയിംസിലേക്ക് മാറ്റി. ഗാസിയാബാദിലെ വീട്ടിൽ നടന്ന വിടവാങ്ങൽ ചടങ്ങിലെ ദൃശ്യങ്ങൾ നാടിനെ ഒന്നടങ്കം നോവിക്കുകയാണ്.

ഗാസിയാബാദിലെ വസതിയിൽ വെച്ച് നടന്ന വിടവാങ്ങൽ ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും പങ്കെടുത്തു. ‘എല്ലാവരോടും ക്ഷമിക്കുക, എല്ലാവരോടും ക്ഷമ ചോദിക്കുക. പോകാനുള്ള സമയമായി…’ എന്ന് ബ്രഹ്മകുമാരി സഭയിലെ സിസ്റ്റർ ഹരീഷിന്റെ നെറ്റിയിൽ തിലകം ചാർത്തിക്കൊണ്ട് പറഞ്ഞപ്പോൾ കണ്ടുനിന്നവർക്ക് കണ്ണീരടക്കാനായില്ല. 

2013 ഓഗസ്റ്റിൽ ബി.ടെക്. വിദ്യാർഥിയായിരിക്കെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് തലച്ചോറിന് മാരകമായി പരിക്കേറ്റ അന്നുമുതൽ ഹരീഷ് കോമയിലായിരുന്നു. മകന്റെ തീരാവേദന കണ്ടുനിൽക്കാനാവാതെ മാതാപിതാക്കളായ അശോക് റാണയും കുടുംബവും നൽകിയ അപേക്ഷയിലാണ് സുപ്രീം കോടതി ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ ജെ.ബി. പാർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരീഷ് റാണയുടെ ദയാവധത്തിനുള്ള അപേക്ഷ പരിഗണിച്ചത്. ഹരീഷിനെ ഒരിക്കലും കൈവിടാതെ 13 വർഷം സ്തുത്യർഹമായ രീതിയിൽ പരിചരിച്ച മാതാപിതാക്കളെ കോടതി പ്രത്യേകം അഭിനന്ദിച്ചിരുന്നു. 

‘ഒരാളെ സ്നേഹിക്കുക എന്നത് സന്തോഷകാലത്ത് മാത്രമല്ല, അവരുടെ ഏറ്റവും സങ്കടകരവും ഇരുളടഞ്ഞതുമായ സമയത്തും അവരെ പരിപാലിക്കുക എന്നതാണ്’ എന്ന് വിധി പ്രസ്താവിക്കവേ കോടതി നിരീക്ഷിച്ചു. യുക്തിക്കും ശാസ്ത്രത്തിനും അപ്പുറം സ്നേഹത്തിനും നഷ്ടത്തിനും വൈദ്യശാസ്ത്രത്തിനും കരുണയ്ക്കും ഇടയിലുള്ള ഒന്നാണ് ഈ തീരുമാനമെന്നും കോടതി വ്യക്തമാക്കി.

മെഡിക്കൽ ബോർഡിന്റെ വിശദമായ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമാണ് ജീവൻരക്ഷാ ഉപാധികൾ പിൻവലിക്കാൻ കോടതി അനുമതി നൽകിയത്. നിലവിൽ ഡൽഹി എയിംസിലെ വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ഹരീഷിന്റെ ജീവൻരക്ഷാ ഉപാധികൾ ഘട്ടംഘട്ടമായി പിൻവലിക്കുന്ന സങ്കീർണ്ണമായ നടപടികൾ പുരോഗമിക്കുകയാണ്. അബോധാവസ്ഥയിലുള്ള രോഗികളുടെ അവകാശങ്ങളെയും ദയാവധത്തെയും കുറിച്ചുള്ള വലിയ ചർച്ചകൾക്ക് ഈ കേസ് വഴിവെച്ചിരിക്കുകയാണ്.