അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം 15 ദിവസം പിന്നിടുമ്പോൾ പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നു. അമേരിക്കൻ സൈനിക താവളങ്ങൾ പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് വലിയ ഭീഷണിയാണെന്ന് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗലിബാഫ് ആരോപിച്ചു. അമേരിക്ക ആരെയും സംരക്ഷിക്കുന്നില്ലെന്നും, ഇസ്രായേലിന് വേണ്ടി എല്ലാവരെയും ബലികഴിക്കുകയാണെന്നും അദ്ദേഹം എക്സിലെ പോസ്റ്റിലൂടെ വ്യക്തമാക്കി.

അമേരിക്കൻ പ്രസിഡൻ്റ് ട്രംപിനെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കബളിപ്പിച്ച് യുദ്ധം ആരംഭിക്കാൻ പ്രേരിപ്പിച്ചതാണെന്നും ഗലിബാഫ് ആരോപിച്ചു. അതേസമയം, അന്യായമായ ഈ യുദ്ധം പതിനഞ്ച് ദിവസം പിന്നിടുമ്പോഴും ഇറാനിലെ സേവനങ്ങൾ സാധാരണ നിലയിലാണെന്ന് പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരുടെ നിരന്തരമായ പരിശ്രമത്താലാണ് ഇത് സാധ്യമായതെന്നും, തകർന്നതെല്ലാം പൂർവ്വാധികം ശക്തിയോടെ പുനർനിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ ബാങ്കുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുമെന്ന് ഇറാൻ്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വക്താവ് സർദാർ നൈനി മുന്നറിയിപ്പ് നൽകി. ഇറാനിലെ രണ്ട് ബാങ്കുകൾ അമേരിക്ക ആക്രമിച്ചതിനുള്ള തിരിച്ചടിയാണ് ഇതെന്നും, അമേരിക്ക വീണ്ടും ഇത് ആവർത്തിച്ചാൽ മേഖലയിലെ എല്ലാ അമേരിക്കൻ ബാങ്കുകളും തങ്ങളുടെ നിയമാനുസൃതമായ ലക്ഷ്യമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ദുബൈ ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്റർ പ്രദേശത്ത് നടന്ന തുടർച്ചയായ രണ്ട് ആക്രമണങ്ങളെ തുടർന്ന് സിറ്റി ഗ്രൂപ്പ്, സ്റ്റാൻഡേർഡ് ചാർട്ടേഡ് തുടങ്ങിയ പ്രമുഖ അമേരിക്കൻ സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു. ഖത്തറിലെ എച്ച്എസ്ബിസി (HSBC) ബാങ്ക് ശാഖകൾ അടച്ചുപൂട്ടുകയും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.