ന്യൂഡൽഹി: സംസ്ഥാനനേതൃത്വം നൽകിയ പട്ടികയിൽ ദേശീയനേതൃത്വം ചില മാറ്റങ്ങൾ നിർദേശിച്ചതോടെ കേരളത്തിലെ ബി.ജെ.പി.യുടെ ചില പ്രമുഖനേതാക്കൾ മത്സരരംഗത്തുണ്ടാകില്ലെന്ന് സൂചന. 17-ന് നേതാക്കളെ വീണ്ടും ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ചില നേതാക്കൾ മത്സരിക്കേണ്ടതില്ലെന്ന നിർദേശം സംസ്ഥാനഘടകത്തിലും അസ്വാരസ്യങ്ങൾക്ക് കാരണമായെന്നാണ് വിവരം.
കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ മത്സരിക്കണമെന്ന താത്പര്യം ദേശീയനേതൃത്വത്തിനുള്ളതായി അറിയുന്നു. മുൻ സംസ്ഥാന അധ്യക്ഷന്മാരായ പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ എന്നിവർ മത്സരിക്കണമോ എന്നതിലും ഡൽഹി യോഗത്തിലേ തീരുമാനമാകുകയുള്ളൂ. ഇരുവരും മത്സരിക്കണമെന്നാണ് സംസ്ഥാനനേതൃത്വം ആവശ്യപ്പെട്ടത്. ആറൻമുളയിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന നിലപാടാണ് എം.ടി. രമേശിനെന്നാണ് സൂചന. മണലൂരിൽ മത്സരിക്കാൻ പ്രമുഖനേതാവിന് സാധ്യത കുറഞ്ഞെന്നാണ് വിവരം.
ഘടകകക്ഷികളുമായി സീറ്റ് ചർച്ച പൂർത്തിയാകാതെ കഴിഞ്ഞ തിരഞ്ഞെടുപ്പു സമിതി യോഗത്തിൽ ബി.ജെ.പി. പട്ടിക സമർപ്പിച്ചതിൽ ദേശീയനേതൃത്വത്തിന് അതൃപ്തിയുണ്ട്. തിരുവനന്തപുരം സെൻട്രലിൽ കുമ്മനം രാജശേഖരൻ മത്സരിച്ചില്ലെങ്കിൽ ഒരു പ്രമുഖ ചലച്ചിത്ര നടിയുടെ പേര് പരിഗണനയിലുണ്ട്. എന്നാൽ, ഇവർ മത്സരസന്നദ്ധത അറിയിച്ചിട്ടില്ല.



