ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കാൻ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ അമേരിക്കയുമായി ചേർന്ന് യുദ്ധക്കപ്പലുകൾ അയക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മേഖലയിലെ സംഘർഷം മൂലം ദുരിതമനുഭവിക്കുന്ന ചൈന, ജപ്പാൻ, ഫ്രാൻസ്, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയ രാജ്യങ്ങൾ ജലപാതയുടെ സുരക്ഷയ്ക്കായി രംഗത്തിറങ്ങുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെ അവകാശപ്പെട്ടു.
ഇറാന്റെ സൈനികശേഷി അമേരിക്ക ഇതിനകം തകർത്തുവെന്നും എന്നാൽ പരാജയഭീതിയിലായ അവർ ഡ്രോണുകളോ ക്ലോസ് റേഞ്ച് മിസൈലുകളോ ഉപയോഗിച്ച് ഭീഷണി ഉയർത്താൻ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് ഉടൻ തന്നെ സ്വതന്ത്രമാക്കുമെന്നും ഇറാനിയൻ കപ്പലുകൾക്കും ബോട്ടുകൾക്കും നേരെ അമേരിക്കൻ ആക്രമണം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കടലിടുക്കിന്റെ നിയന്ത്രണം പൂർണ്ണമായും അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കൈകളിലെത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
സൗദി അറേബ്യയിലെ താവളത്തിൽ അഞ്ച് യുഎസ് വിമാനങ്ങൾ തകർക്കപ്പെട്ടുവെന്ന വാർത്തകൾ ട്രംപ് നിഷേധിച്ചു. താവളത്തിന് നേരെ ആക്രമണമുണ്ടായ കാര്യം അദ്ദേഹം സമ്മതിച്ചെങ്കിലും വിമാനങ്ങൾ നശിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി. അഞ്ചിൽ നാല് വിമാനങ്ങളും ഉടൻ തന്നെ പ്രവർത്തനസജ്ജമായെന്നും ഒരെണ്ണത്തിന് ചെറിയ കേടുപാടുകൾ മാത്രമാണ് സംഭവിച്ചതെന്നും ട്രംപ് പറഞ്ഞു. വ്യാജവാർത്തകൾ നൽകുന്ന മാധ്യമങ്ങൾ രാജ്യം യുദ്ധത്തിൽ പരാജയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും അവരുടേത് നികൃഷ്ടമായ റിപ്പോർട്ടിംഗാണെന്നും ട്രംപ് രൂക്ഷമായി വിമർശിച്ചു.



