മത്സര സന്നദ്ധത അറിയിച്ച എംപിമാരായ കെ സുധാകരനെയും അടൂര്‍പ്രകാശിനെയും കണ്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നേതൃത്വവുമായി അതൃപ്തിയിലുള്ള കെ സുധാകരനെ ദില്ലിയിലെ ഫ്ലാറ്റിലെത്തിയാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കൂടിക്കാഴ്ച നടത്തിയത്. അടൂര്‍ പ്രകാശുമായും ദില്ലിയിൽ സണ്ണി ജോസഫ് കൂടിക്കാഴ്ച നടത്തി. ഇരുവരും മത്സര സന്നദ്ധത അറിയിച്ചിരുന്നു. കണ്ണൂര്‍ മത്സരിക്കുമെന്ന് കെ സുധാകരൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

ഇതിനുപിന്നാലെ ആരും സ്വയം സ്ഥാനാര്‍ഥിയാകേണ്ടന്ന താക്കീതുമായി സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു. മത്സര സന്നദ്ധത അറിയിച്ചിട്ടും അനുകൂല തീരുമാനമെടുക്കാത്തതിൽ നേതൃത്വവും ഇടഞ്ഞുനിൽക്കുകയാണ് കെ സുധാകരൻ. ഇതിനിടെയാണ് നിര്‍ണായക കൂടിക്കാഴ്ച എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്‍റേതാകുമെന്ന് ഇരുവരെയും സണ്ണി ജോസഫ് ധരിപ്പിച്ചു. കെ സുധാകരൻ മത്സരിക്കണമെന്ന് ഒരു വിഭാഗം കേരളത്തിൽ പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കൂടിക്കാഴ്ച.

അതേസമയം, കോൺഗ്രസ് സ്ഥാനാർത്ഥി ചർച്ചയുമായി ബന്ധപ്പെട്ട് നാളെ തെരഞ്ഞെടുപ്പ് സമിതി യോഗം ഉണ്ടാകില്ല. സ്ക്രീനിംഗ് കമ്മിറ്റി മാത്രമായിരിക്കും ഉണ്ടാകുക. തിങ്കളാഴ്ച അടുത്തഘട്ട തെരഞ്ഞെടുപ്പ് സമിതി യോഗം നടക്കും. ഭൂരിഭാഗം സീറ്റുകളും തിങ്കളാഴ്ചയോടെ തീരുമാനിക്കും.കണ്ണൂർ സീറ്റിൽ താൻ തന്നെ മത്സരിക്കുമെന്ന കെ സുധാകരന്‍റെ പ്രഖ്യാപനത്തെ ചൊല്ലിയാണ് കോണ്‍ഗ്രസിൽ അതൃപ്തി പുകഞ്ഞത്. ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്ന് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും വ്യക്തമാക്കിയതിന് പിന്നാലെ കെപിസിസി ആസ്ഥാനത്തേക്ക് പ്രകടനം നടത്താനൊരുങ്ങിയ അണികളെ സുധാകരൻ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.