പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യം കണക്കിലെടുത്ത് ലണ്ടനിൽ ഞായറാഴ്ച നടത്താനിരുന്ന ‘അൽ ഖുദ്‌സ്’ (Al Quds) പ്രതിഷേധ മാർച്ചിന് ബ്രിട്ടീഷ് പോലീസ് നിരോധനം ഏർപ്പെടുത്തി. ഇറാൻ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന ഇസ്ലാമിക് ഹ്യൂമൻ റൈറ്റ്‌സ് കമ്മീഷനാണ് മാർച്ചിന്റെ സംഘാടകർ. മാർച്ചും അതിനെതിരെയുള്ള പ്രത്യാക്രമണ പ്രതിഷേധങ്ങളും ക്രമസമാധാന നിലയെ ബാധിക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഈ അസാധാരണ നടപടി.
ബ്രിട്ടനിൽ ഒരു പ്രതിഷേധ മാർച്ച് നിരോധിക്കുക എന്നത് അപൂർവ്വമായ നടപടിയാണ്. കഴിഞ്ഞ 14 വർഷത്തിനിടെ ഇതാദ്യമായാണ് ഇത്തരമൊരു അധികാരം പോലീസ് വിനിയോഗിക്കുന്നത്. ഇറാൻ ഭരണകൂടം ബ്രിട്ടീഷ് സഖ്യകക്ഷികൾക്കും സൈനിക താവളങ്ങൾക്കും നേരെ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിൽ, ലണ്ടനിലും സുരക്ഷാ ഭീഷണിയുണ്ടെന്ന് പോലീസ് വിലയിരുത്തുന്നു.
മുൻകാലങ്ങളിൽ നടന്ന അൽ ഖുദ്‌സ് മാർച്ചുകളിൽ തീവ്രവാദ സംഘടനകളെ പിന്തുണച്ചതിനും വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിനും നിരവധി അറസ്റ്റുകൾ നടന്നിരുന്നു.കഴിഞ്ഞ ആഴ്ച ലണ്ടനിലെ ജൂത സമൂഹത്തെ നിരീക്ഷിക്കാൻ ഇറാന്റെ രഹസ്യാന്വേഷണ ഏജൻസികളെ സഹായിച്ചെന്നാരോപിച്ച് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതും നിരോധനത്തിന് ആക്കം കൂട്ടി.
മാർച്ച് നടത്താൻ അനുവദിക്കില്ലെങ്കിലും നിശ്ചലമായ പ്രതിഷേധ യോഗങ്ങൾ (Static assembly) നടത്തുന്നതിന് നിയമപരമായ നിരോധനമില്ല. എന്നാൽ അത്തരം ഒത്തുചേരലുകൾക്കും കർശനമായ നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് ലണ്ടൻ പോലീസ് വ്യക്തമാക്കി. “പശ്ചിമേഷ്യയിലെ അസ്ഥിരമായ സാഹചര്യവും ബ്രിട്ടീഷ് മണ്ണിൽ ഇറാൻ ഭരണകൂടത്തിൽ നിന്നുള്ള ഭീഷണികളും ഞങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്,” എന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.



