മിഡിൽ ഈസ്റ്റിൽ യുദ്ധത്തിന്റെ തീ പടർന്നുകൊണ്ടേയിരിക്കുമ്പോൾ, അതിന്റെ പ്രത്യാഘാതങ്ങളുടെ പുക ലോകത്താകമാനം കരിനിഴൽ വീഴ്ത്തിക്കൊണ്ടിരിക്കുന്നു.

ഇത് വെറും വാക്കുകളുടെ യുദ്ധമല്ല. ആഗോള എണ്ണവിപണിയുടെ ഹൃദയഭാഗമായ ഹോർമുസ് കടലിടുക്ക് ഇപ്പോൾ ഭീതിയുടെ നിഴലിലാണ്. ലോകത്തിലെ ഏറ്റവും നിർണായകമായ സമുദ്രവ്യാപാര പാതകളിലൊന്നായ ഈ കടലിടുക്ക് അടഞ്ഞാൽ, ആഗോള സാമ്പത്തിക വ്യവസ്ഥ തന്നെ ശിഥിലമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങൾ തുടർന്നാൽ, ഈ മേഖലയിലെ ഒരു തുള്ളി എണ്ണ പോലും അമേരിക്കയിലേക്കോ അതിന്റെ സഖ്യകക്ഷികളിലേക്കോ ഒഴുകാൻ അനുവദിക്കില്ലെന്ന് ഇറാൻ കടുത്ത മുന്നറിയിപ്പ് നൽകി.

മാർച്ച് 9 ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) വക്താവ് ജനറൽ അലി മുഹമ്മദ് നയിനി പ്രഖ്യാപിച്ചത് ലോക ഊർജ്ജ വിപണിയെ നടുക്കുന്ന വാക്കുകളായിരുന്നു. “അമേരിക്കയും ഇസ്രായേലും ആക്രമണം തുടരുന്നിടത്തോളം കാലം ഈ മേഖലയിലൂടെ ഒരു ലിറ്റർ എണ്ണ പോലും പുറത്ത് പോകില്ല,” എന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഐആർജിസിയുമായി ബന്ധപ്പെട്ട തസ്നിം വാർത്താ ഏജൻസിയാണ് ഇത് റിപ്പോർട്ട് ചെയ്തത്.

ഫെബ്രുവരി 28 ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആക്രമണം ആരംഭിച്ചതിനുശേഷം, ഹോർമുസ് കടലിടുക്കിലൂടെ നടക്കുന്ന കപ്പൽഗതാഗതം ഏതാണ്ട് നിലച്ചിരിക്കുകയാണ്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് കടലിടുക്കിനടുത്തുള്ള നിരവധി വ്യാപാര കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതോടെ സ്ഥിതി അതീവ അപകടകരമായി.

ഈ സംഭവവികാസങ്ങൾക്കുശേഷം ലോകത്തിലെ പ്രമുഖ ഷിപ്പിംഗ് ഇൻഷുറൻസ് കമ്പനികൾ പോലും യുദ്ധഭീഷണി ചൂണ്ടിക്കാട്ടി ഇൻഷുറൻസ് നയങ്ങൾ പിൻവലിക്കാൻ തുടങ്ങി. അതിന്റെ ഫലമായി നിരവധി കപ്പൽ കമ്പനികൾ ഹോർമുസ് കടലിടുക്ക് കടക്കാൻ തന്നെ ഭയപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയത്.

മിഡിൽ ഈസ്റ്റിലെ ഈ സംഘർഷം ലോകസാമ്പത്തികത്തിന്റെ സഹനശേഷിയെ പരീക്ഷിക്കുന്നതാണെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ (ഐഎംഎഫ്) മേധാവി ക്രിസ്റ്റലീന ജോർജിയേവ മുന്നറിയിപ്പ് നൽകി. “ചിന്തിക്കാനാവാത്തതിനെക്കുറിച്ചുപോലും ഇപ്പോൾ ചിന്തിക്കേണ്ട സമയമാണിത്,” എന്ന് അവർ പറഞ്ഞു.

അതേസമയം ഖത്തർ ഊർജ്ജ മന്ത്രി സാദ് ഷെരിദ അൽ-കാബിയുടെ മുന്നറിയിപ്പ് ഇനിയും ഭീതിജനകമാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ടാങ്കറുകളും വ്യാപാര കപ്പലുകളും തടസ്സപ്പെടുകയാണെങ്കിൽ, വെറും രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ തന്നെ എണ്ണവില ബാരലിന് 150 ഡോളർ വരെ പൊങ്ങിക്കുതിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്ഥിതിഗതികൾ വളരെ അയവുള്ളതായി തുടരുന്നു, ഇരുപക്ഷവും ഒരു പരിഹാരത്തിലെത്താനുള്ള സമ്മർദ്ദത്തിലാണ്, പക്ഷേ, ആഴത്തിലുള്ള, തന്ത്രപരമായ, വിയോജിപ്പുകളെ അഭിമുഖീകരിക്കുന്നു,

അമേരിക്ക യുദ്ധത്തിൽ വിജയിച്ചു എന്ന ട്രംപിന്റെ ഏകപക്ഷീയമായ പ്രഖ്യാപനം സംഘർഷം അവസാനിപ്പിക്കില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി പറഞ്ഞു. ആക്രമണങ്ങൾ അവസാനിപ്പിക്കാൻ യുഎസ് സന്നദ്ധത പ്രഖ്യാപിച്ചാലും, ഇറാൻ ഏതെങ്കിലും രൂപത്തിൽ സംഘർഷം തുടരാനോ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന കപ്പലുകളുടെ നിയന്ത്രണം നിലനിർത്താനോ തയ്യാറായേക്കാമെന്നാണ് സൂചന. ഇനി ഒറു ആക്രമണത്തിന് അമേരിക്കാ വരില്ലെന്ന ഉറപ്പ് ഇറാന് കിട്ടുന്നതു വരെ ഹോർമോസ് കടലിടുക്കിൽ അവർ നിയന്ത്രണങ്ങൾ നിലനിർത്തിയേക്കാം.

മിഡിൽ ഈസ്റ്റിൽ ഉയരുന്ന ഈ ചൂട് വെറും പ്രദേശിക സംഘർഷമല്ല — ലോക സമ്പദ്‌വ്യവസ്ഥയുടെ ശ്വാസനാളം പിടിച്ചുലയ്ക്കുന്ന ഒരു പുതിയ പ്രതിസന്ധിയുടെ തുടക്കമായിരിക്കാം. ലോകരാഷ്ട്രങ്ങളുടെ സമാധാനത്തിനായി നിലനിൽക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ സമുചിതമായ നടപടിയ്ക്കായി ലോകവും കാതോർത്തിരുന്നു!