ദുബായ്: സംഘർഷ സാഹചര്യം മാറിക്കൊണ്ടിരിക്കുമ്പോൾ യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് പലപ്പോഴും ആശങ്കകളുണ്ടാകാറുണ്ട്. എന്നാൽ നമ്മൾ യുഎഇയിൽ സുരക്ഷിതമായി കഴിയുന്നതിന് പിന്നിൽ യുഎഇയുടെ ശക്തമായ നീക്കങ്ങളാണ്. ഇറാൻ-ഇസ്രായേൽ തർക്കങ്ങൾക്കിടയിൽ യുഎഇ സ്വീകരിച്ചിരിക്കുന്ന നിലപാടും ആഗോള സാമ്പത്തിക ഏജൻസിയായ എസ് ആൻഡ് പി പുറത്തുവിട്ട യുഎഇയുടെ സാമ്പത്തിക റിപ്പോർട്ടും ഏതൊരു പ്രവാസിക്കും ആശ്വാസം നൽകുന്നു.

ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി യുഎഇയുടെ മണ്ണ് ഉപയോഗിക്കാൻ ഇന്നേ വരെ രാജ്യം അനുവദിച്ചിട്ടില്ല ഇനി അനുവദിക്കുകയും ചെയ്യില്ല. ഈ കാര്യം യുഎഇ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജനീവയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ യുഎഇ അംബാസഡർ ജമാൽ അൽ മുഷാറഖ് ആണ് ഈ കാര്യം പറഞ്ഞത്. “ഞങ്ങളുടെ താവളങ്ങൾ ഇറാനെ ആക്രമിക്കാൻ ഉപയോഗിക്കുന്നില്ല അത്തരമൊരു സംഘർഷത്തിൽ ഞങ്ങൾ ഭാഗമാകില്ല”എന്നാണ് വ്യക്തമാക്കുന്നത്.

ഈ വാക്കുകൾ യുഎഇയുടെ സമാധാനത്തിന്റെ അടയാളമാണ് കൂടാതെ അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്താനും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനുമാണ് യുഎഇ എന്നും ശ്രമിക്കുന്നത്. കൂടാതെ ആക്രമണങ്ങളെ രാജ്യം ശക്തമായി എതിർക്കുമ്പോഴും ഒരു യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങാതിരിക്കാൻ യുഎഇ പരമാവധി ശ്രമിക്കുന്നുണ്ട്. അതേസമയം യുദ്ധം എന്ന് അവസാനിക്കും എന്ന് പറയാൻ സാധിക്കില്ല.

സാമ്പത്തിക കരുത്ത് എടുത്തുപറയേണ്ടതാണ്. ലോകത്തിലെ ഏറ്റവും മികച്ച റേറ്റിംഗ് ഏജൻസികളിലൊന്നായ എസ് ആൻഡ് പി ഗ്ലോബലിന്റെ കണക്കുകൾ പ്രകാരം ഇനി എന്ത് സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടായാലും അതിനെ അതിജീവിക്കാനുള്ള ശേഷി യുഎഇക്കുണ്ട് എന്നാണ് വ്യക്തമാക്കുന്നത്. ഇനി യുദ്ധസാഹചര്യങ്ങൾ എണ്ണവിലയെ ബാധിച്ചാലും വിപണി തകരാതെ പിടിച്ചുനിൽക്കാൻ യുഎഇയ്ക്ക് സാധിക്കും.