ഇറാൻ നാവികസേനയുടെ കപ്പലുകൾ പിടിച്ചെടുക്കുന്നതിനേക്കാൾ അവ മുക്കിക്കളയുന്നതാണ് കൂടുതൽ ‘രസകരം’ എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ കപ്പലുകൾ തകർക്കുന്നത് സംബന്ധിച്ച് അമേരിക്കൻ സൈനികരുമായി നടത്തിയ ചർച്ചകൾ വിവരിക്കവെയാണ് ട്രംപിന്റെ വിവാദ പരാമർശം. ശത്രുക്കളുടെ കപ്പലുകൾ നശിപ്പിക്കുന്നതിനോടാണ് സൈനികർക്ക് കൂടുതൽ താല്പര്യമെന്നും, അവ മുക്കുന്നത് കൂടുതൽ സുരക്ഷിതമായ മാർഗമാണെന്ന് അവർ വിശ്വസിക്കുന്നതായും ട്രംപ് പറഞ്ഞു.

ഇറാൻ്റെ കപ്പലുകൾ മികച്ച ഗുണനിലവാരമുള്ളവയാണെന്ന് സൈനികർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതിനാൽ അവ പിടിച്ചെടുത്ത് നമുക്ക് ഉപയോഗിച്ചുകൂടാ എന്ന് താൻ ചോദിച്ചിരുന്നു. എന്നാൽ അവ മുക്കിക്കളയുന്നതാണ് തങ്ങൾക്ക് ഇഷ്ടമെന്ന മറുപടിയാണ് സൈനികരിൽ നിന്ന് ലഭിച്ചതെന്ന് ട്രംപ് വെളിപ്പെടുത്തി. കപ്പലുകൾ പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനേക്കാൾ അവ മുക്കുന്നതാണ് സുരക്ഷിതമെന്ന സൈനികരുടെ വാദം ശരിയായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാർച്ച് നാലിന് ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാന്റെ ‘ഐആർഐഎസ് ദേന’ എന്ന കപ്പൽ തകർത്തതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന പുറത്തുവരുന്നത്. 87 പേരുടെ മരണത്തിനിടയാക്കിയ ഈ സംഭവത്തെ “കടലിലെ ക്രൂരത” എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. ഇറാൻ്റെ നാവികസേന ഇപ്പോൾ പൂർണ്ണമായും സമുദ്രത്തിനടിയിലാണെന്നും ഏകദേശം 46 കപ്പലുകൾ ഇത്തരത്തിൽ തകർക്കപ്പെട്ടുവെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന നീക്കങ്ങൾ ഇറാന്റെ നാവിക ശേഷിയെയും മിസൈൽ-ഡ്രോൺ സംവിധാനങ്ങളെയും തകിടം മറിച്ചതായും അദ്ദേഹം പറഞ്ഞു.