ഹരിയാനയിലെ ഗുരുഗ്രാമിൽ നിർമാണത്തിലിരുന്ന മതിൽ തകർന്നു വീണ് ഏഴ് തൊഴിലാളികൾ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുഗ്രാം സിദ്ധ്രാവലിയിലെ സിഗ്നേച്ചർ ഗ്ലോബൽ സൊസൈറ്റിയിൽ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. നിർമാണ പ്രവർത്തനങ്ങൾക്കിടെ വൻ ശബ്ദത്തോടെ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു.

അപകടം നടക്കുമ്പോൾ പതിനഞ്ചോളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. ഇവർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയി. വിവരമറിഞ്ഞ ഉടൻ തന്നെ പോലീസും ജില്ലാ ഭരണകൂടവും സംസ്ഥാന ദുരന്തനിവാരണ സേനയും (SDRF) സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. യന്ത്രസഹായത്തോടെ ഏകദേശം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്നും തൊഴിലാളികളെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴ് പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

നിർമാണ സ്ഥലത്തെ മണ്ണിടിഞ്ഞതാണ് മതിൽ തകരാൻ കാരണമായതെന്ന് പ്രാഥമിക നിഗമനം. അതേസമയം, നിർമാണ കമ്പനിക്കെതിരെ കടുത്ത പ്രതിഷേധവുമായി മരിച്ചവരുടെ ബന്ധുക്കൾ രംഗത്തെത്തി. അപകടത്തിന് പിന്നാലെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ കമ്പനി അധികൃതർ ശ്രമിക്കുകയാണെന്നും തങ്ങളെ കാണാൻ പോലും അവർ തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.