പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലുള്ള തങ്ങളുടെ പൗരന്മാരോടും നയതന്ത്ര ഉദ്യോഗസ്ഥരോടും അടിയന്തരമായി മടങ്ങാൻ അമേരിക്ക നിർദ്ദേശം നൽകി. അവശ്യ സേവന വിഭാഗത്തിൽ ഒഴികെയുള്ള ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഉടൻ രാജ്യം വിടണമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. മേഖലയിൽ വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികൾ മുൻനിർത്തിയാണ് ഈ അസാധാരണ നടപടി.

ഇസ്രായേൽ-യുഎസ് സഖ്യത്തിന്റെ നീക്കങ്ങൾക്ക് മറുപടിയായി ഗൾഫ് രാഷ്ട്രങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടി ശക്തമാക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ ദിവസങ്ങളിൽ സൗദിക്ക് നേരെ ഇറാൻ നടത്തിയ ശക്തമായ ആക്രമണങ്ങൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.

ഫെബ്രുവരി 28-ന് പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് അമേരിക്ക ഇത്തരമൊരു സുരക്ഷാ മുൻകരുതൽ സ്വീകരിക്കുന്നത്. സൈനിക കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ അമേരിക്കയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സൗദിയിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു യുഎസ് സൈനികൻ കൂടി മരണമടഞ്ഞു. ഇതോടെ ഈ സംഘർഷത്തിൽ ജീവൻ നഷ്ടപ്പെട്ട അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം ഏഴായി ഉയർന്നു.