തിരുവനന്തപുരം: കേരളത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് നയത്തിൽ വൻ മാറ്റം വരുന്നു. കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും ബിജെപി കേരളത്തിൽ മുഖ്യശത്രുവായി കണ്ടിരുന്നതും പോരാടിയതും കോൺഗ്രസിന് എതിരായിരുന്നു. എന്നാൽ ഇത്തവണ മുഖ്യശത്രു സിപിഎമ്മാണ്. ബിജെപിയുടെ കേന്ദ്രം നേതൃത്വത്തിന്‍റെയും അമിത് ഷായുടെയും നിർദ്ദേശപ്രകാരമാണ് ഈ മാറ്റം.

കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും പാർലമെന്‍റ്, പഞ്ചായത്ത് തെരഞ്ഞെപ്പിലും കോൺഗ്രസിനെയായിരുന്നു മുഖ്യശത്രുവായി ബിജെപി കണക്കാക്കിയത്. കോൺഗ്രസ് മുക്ത ഭാരതം എന്ന ബിജെപി കേന്ദ്ര നയത്തിനോട് യോജിച്ച സമീപനമായിരുന്നു ഇത്. ഇരു മുന്നണികളെയും എതിർക്കുന്ന മൂന്നാം മുന്നണി എന്ന നയം എൻഡിഎ കാലങ്ങളായി തുടരുന്നു എങ്കിലും സംസ്ഥാനത്ത് പ്രാദേശികമായ വിട്ടുവീഴ്ചകൾ കോൺഗ്രസിനോട് അധികം ഇല്ലായിരുന്നു.

പ്രത്യേകിച്ചും മോദി – അമിത് ഷാ കാലം മുതൽ. സിപിഎമ്മും കോൺഗ്രസും പരസ്പരം ബിജെപി ബന്ധം ആക്ഷേപിക്കുന്നുണ്ടെങ്കിലും ബിജെപിക്കകത്ത് സമീപകാലത്ത് സിപിഎമ്മിനെക്കാൾ ശത്രുത കോൺഗ്രസിനോട് ആയിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾ മൂർച്ഛിച്ച കാലഘട്ടത്തിൽ പോലും നയം അങ്ങനെയായിരുന്നു

നയം മാറ്റത്തിന് പിന്നിൽ ആഭ്യന്തരമന്ത്രിയുടെ നീക്കം

രാജ്യമെമ്പാടുനിന്നും നക്സൽ സ്വാധീനം പാടെ ഇല്ലാതാക്കുക എന്ന കേന്ദ്ര സർക്കാർ നയത്തിന്‍റെ ഭാഗമായാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളോടുള്ള നയത്തിലും മാറ്റം വന്നിരിക്കുന്നത്. കേരളത്തിൽ നക്സൽ വേട്ടയ്ക്ക് പിണറായി സർക്കാർ വേണ്ടത്ര പിന്തുണ നൽകിയെങ്കിലും പാർട്ടിയിലെ ബുദ്ധിജീവിഭാഗവും സിപിഐയും അതിനെ എതിർത്തത് കേന്ദ്രം ശ്രദ്ധച്ചിട്ടുണ്ട്.

മാത്രമല്ല വയനാട് ഉൾപ്പെടെ കേരളത്തിലെ പല ഭാഗങ്ങളിലും നക്സൽ സ്വാധീനം നിലനിൽക്കുന്നതിന്‍റെ കാരണം ഈ പാർട്ടികളോടുള്ള ബന്ധമാണെന്നും മനസിലാക്കിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടികളെയും നക്സൽ തീവ്രവാദത്തോടെ ബന്ധിച്ചു കാണാനാണ് അമിത് ഷായുടെ നിർദ്ദേശം. നക്സൽ വിമുക്ത ഇന്ത്യയെന്ന ഭരണ നേട്ടം മോഹിക്കുന്ന അമിത് ഷാ അതിനാലാണ് സിപിഎമ്മിനെ മുഖ്യശത്രുവായി കാണാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

തുടർച്ചയായ ഭരണവും വോട്ട് മറിക്കലും

കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണം തുടർച്ചയായി മൂന്ന് വർഷം വരികയും കോൺഗ്രസ് 15 വർഷം തുടർച്ചയായി പ്രതിപക്ഷത്തിരിക്കുകയും ചെയ്താൽ രണ്ടു മുന്നണികളും ദുർബലമാകും എന്ന് ബിജെപിയുടെ വിലയിരുത്തലിലും മാറ്റം ഉണ്ടാകും. പിണറായി സർക്കാർ മൂന്നാം വട്ടം വന്നാൽ ബംഗാളിലെ പോലെ സിപിഎം സംഘടനാ സംവിധാനം സ്വയം അഴുകി നശിച്ചുപോകും എന്നാണ് നിലവിൽ ബിജെപി വിലയിരുത്തുന്നത്.

സ്ഥിരമായ ഭരണം നഷ്ടപ്പെട്ട കോൺഗ്രസ് ആകട്ടെ നിലനിൽപ്പിനായി കഷ്ടപ്പെടേണ്ടി വരും. പ്രത്യേകിച്ചും സാമ്പത്തിക കാര്യങ്ങളിൽ. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ ചില മണ്ഡലങ്ങളെങ്കിലും സിപിഎമ്മിന് മറിഞ്ഞതായി കരുതുന്നതും വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ബിജെപി രഹസ്യമായി ചിലയിടങ്ങളിലെങ്കിലും പിന്തുണയ്ക്കുമെന്ന് കരുതുന്നവരും ഉണ്ട് .എന്നാൽ അത്തരം രഹസ്യ ബന്ധത്തോടോ വോട്ടു മറിക്കലിനോടോ അനുകൂല നയം വേണ്ടെന്ന് കേന്ദ്രം നിദ്ദേശം നൽകിയിട്ടുണ്ട്.

പിണറായി സർക്കാരിനെതിരായ പല സമരഘട്ടങ്ങളിലും ബിജെപി സംസ്ഥാന നേതൃത്വം ശക്തമായി നിന്നില്ലെന്ന ആക്ഷേപം ഉണ്ടായതും ഇതേ പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ .ശബരിമല സ്ത്രീ പ്രവേശനം, സ്വർണപ്പാളി പ്രശ്നം, ഇഡിയുമായി ബന്ധപ്പെട്ട നിരവധി അഴിമതി കേസുകൾ എന്നിവയിലൊന്നും ബിജെപി വേണ്ടത്ര ചടുലമായ സമരമുറകൾ സ്വീകരിച്ചില്ല എന്ന് കരുതുന്നവരുണ്ട്.

പിണറായിക്കെതിരായ അഴിമതി കേസുകളിലും കേന്ദ്ര ബിജെപി നേതൃത്വം പോലും മൃദുല നിലപാടാണ് സ്വീകരിച്ചത് എന്നാണ് ആക്ഷേപം. മറിച്ച് തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം പോലുള്ളവയിൽ സിപിഎമ്മിന്‍റെ സഹായം ബിജെപിക്ക് കിട്ടിയതായി കരുതുന്നുണ്ട്.

സിപിഎമ്മിലെ ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യമാക്കുക കേരളത്തിൽ കോൺഗ്രസിന്‍റെ അടിത്തറ ന്യൂനപക്ഷ സമുദായങ്ങൾ ആയതിനാൽ കോൺഗ്രസിനെ പാടെ ഇല്ലാതാക്കാനോ കോൺഗ്രസ് മുന്നണിയെ ദുർബലമാക്കാനോ അത്ര എളുപ്പമല്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വവും മനസിലാക്കുന്നുണ്ട്.

ന്യൂനപക്ഷങ്ങൾക്കിടയിലെ സ്വാധീനം കൂട്ടാൻ പാർട്ടി നടത്തിയ ശ്രമങ്ങൾ വേണ്ടത്ര വിജയിച്ചിട്ടില്ല. എന്നാൽ സിപിഎമ്മിലെയും കമ്മ്യൂണിസ്റ്റ് പാർട്ടികളിലെയും പ്രധാന അംഗങ്ങളും പിന്തുണയും ഹിന്ദു വിഭാഗത്തിൽ നിന്നാണ്. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാർട്ടി സിപിഎം ആണെന്ന് നിരീക്ഷണം കേന്ദ്ര നേതൃത്വം ശ്രദ്ധിച്ചിട്ടുണ്ട്. കോൺഗ്രസിനെ തകർത്ത് മുഖ്യ പ്രതിപക്ഷം ആകുന്നതിനേക്കാൾ നല്ലത് സിപിഎമ്മിനെ ചെറുത്ത് മുന്നിലേക്ക് വരുന്നതാണ് നല്ലതെന്നാണ് പുതിയ വിലയിരുത്തൽ.

അങ്ങനെ വന്നാൽ കോൺഗ്രസുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ആയിരിക്കും പോകുക. ആ സാഹചര്യം എങ്ങനെ കൈകാര്യം ചയ്യണം എന്ന് കേന്ദ്ര ബിജെപി നേതൃത്വത്തിന് നല്ല പോലെ അറിയാം. അതിനാലാണ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് നയം തന്നെ മാറ്റാൻ ബിജെപി കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖരനും പാർട്ടി കേരള ഘടകത്തിനും നിർദ്ദേശം നൽകിയിരിക്കുന്നത്.