മധ്യപൂര്‍വ ദേശത്ത് യുദ്ധം തുടരുന്നതിനിടെ പെട്രോളിനും ഡീസലിനും ലീറ്ററിന് 55 രൂപ വീതം കൂട്ടി പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍റെ ചരിത്രത്തില്‍ ഒറ്റത്തവണ വര്‍ധിപ്പിച്ച ഏറ്റവും വലിയ നിരക്കാണിത്. മധ്യപൂര്‍വ ദേശത്തെ യുദ്ധത്തെ തുടര്‍ന്ന് ഹോര്‍മുസ് വഴിയുള്ള എണ്ണക്കപ്പലുകളുടെ സഞ്ചാരം താറുമാറായതോടെയാണ് വര്‍ധന. എന്നാല്‍ രാജ്യത്ത് വിതരണത്തിന് ആവശ്യമായ പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉണ്ടെന്നും ക്ഷാമം ഒഴിവാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും പാക് സര്‍ക്കാര്‍ അറിയിച്ചു. വില വര്‍ധന പ്രാബല്യത്തില്‍ വന്നതോടെ ഒരു ലീറ്റര്‍ ഹൈ സ്പീഡ് ഡീസലിന് 335.86 പാക് രൂപ നല്‍കണം. 280.86 രൂപയായിരുന്നു നേരത്തയുണ്ടായിരുന്ന വില.266.17 രൂപ ലീറ്ററിന് വിലയുണ്ടായിരുന്ന പെട്രോളിന് ഇപ്പോള്‍ 321.17 രൂപ നല്‍കേണ്ടി വരും.
ഇരുട്ടിവെളുത്തപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ ഷോക്കില്‍ അമ്പരന്നിരിക്കുകയാണ് പാക്കിസ്ഥാനിലെ ജനങ്ങള്‍. അര്‍ധരാത്രിക്ക് മുന്‍പായി വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പെട്രോളിയം മന്ത്രി അലി പര്‍വേസ് മാലിക്, ഉപ പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി ഇസ്ഹാഖ് ധര്‍, ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് എന്നിവര്‍ ചേര്‍ന്നാണ് പെട്രോള്‍ വില വര്‍ധന പ്രഖ്യാപിച്ചത്.
മധ്യപൂര്‍വ ദേശത്തെ യുദ്ധം ആഗോള ഊര്‍ജ വിതരണത്തിലും വിലയിലും വലിയ ആശങ്കയും പ്രതിസന്ധിയുമാണ് നേരിടുന്നതെന്നും അതിന്‍റെ പരിണിത ഫലങ്ങള്‍ പാക്കിസ്ഥാന്‍റെ സമ്പദ് വ്യവസ്ഥയിലും നേരിടുന്നുവെന്നും പെട്രോളിയം മന്ത്രി വ്യക്തമാക്കി. ‘അയല്‍രാജ്യത്താരംഭിച്ച തീ പ്രദേശമാകെ പടര്‍ന്നിരിക്കുകയാണ്. ഈ പ്രതിസന്ധി എത്രകാലം നീണ്ടുനില്‍ക്കുമെന്നോ എപ്പോള്‍ അവസാനിക്കുമെന്നോ അറിയില്ലെന്നും പാക് സര്‍ക്കാര്‍ പറയുന്നു. പ്രതിസന്ധി നേരിടാന്‍ നാഷനല്‍ ആക്ഷന്‍ പ്ലാന്‍ ഇന്നലെ പാക്കിസ്ഥാന്‍ സ്വീകരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി വര്‍ക് ഫ്രം ഹോമും ഓണ്‍ലൈന്‍ ക്ലാസുകളുമടക്കം ഏര്‍പ്പെടുത്തുകയും ചെയ്തു.
രാജ്യാന്തര വിപണിയിലെ പ്രതിസന്ധി നീങ്ങുന്നതോടെ വില കുറയ്ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വില വര്‍ധിച്ചത് മുതലെടുക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൂഴ്ത്തിവയ്പ്പ് അനുവദിക്കില്ലെന്നും രാജ്യാന്തര സ്ഥിതിഗതികള്‍ ആഴ്ചതോറും അവലോകനം ചെയ്യുമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.



