പശ്ചിമേഷ്യയിൽ ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാനുമായി നടത്തുന്ന യുദ്ധം ഗൾഫ് രാജ്യങ്ങളെയും സാരമായി ബാധിക്കുന്നു. യുദ്ധഭീതിയെ തുടർന്ന് ഖത്തറിൽ ജനങ്ങൾക്ക് വീണ്ടും അതീവ സുരക്ഷാ മുന്നറിയിപ്പ് നൽകി. പിന്നാലെ പിൻവലിക്കുകയും ചെയ്തു. ഇതിനിടെ ഇറാനിൽ ആഭ്യന്തരമായി വൻ പ്രതിസന്ധി സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ഇറാഖ് ആസ്ഥാനമായുള്ള കുർദിഷ് വിമത സംഘം കരയാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
ഖത്തറിൽ സുരക്ഷാ ഭീഷണി വർദ്ധിച്ചുവെന്ന ജാഗ്രതാ നിർദ്ദേശത്തിന് പിന്നാലെ സാഹചര്യം സാധാരണ നിലയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് സുരക്ഷാ ഭീഷണി ഉയർന്ന നിലയിലാണെന്ന് (Elevated) ചൂണ്ടിക്കാട്ടി ശനിയാഴ്ച താമസക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് അധികൃതർ ആദ്യ ജാഗ്രതാ സന്ദേശം അയച്ചിരുന്നു. എന്നാൽ മിനിറ്റുകൾക്കുള്ളിൽ തന്നെ സുരക്ഷാ ഭീഷണി പൂർണ്ണമായും ഇല്ലാതാക്കിയെന്നും (Eliminated) സ്ഥിതിഗതികൾ സാധാരണ നിലയിലായെന്നും വ്യക്തമാക്കിക്കൊണ്ടുള്ള രണ്ടാമത്തെ സന്ദേശം മന്ത്രാലയം പുറപ്പെടുവിച്ചു.
സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും അധികൃതർ നേരത്തെ കർശന നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഖത്തറിന്റെ വ്യോമാതിർത്തിയിൽ മിസൈലുകളും ഡ്രോണുകളും തകർത്ത പശ്ചാത്തലത്തിലാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയതെന്നാണ് സൂചന. എന്നാൽ സുരക്ഷാ ഏജൻസികളുടെ ഫലപ്രദമായ ഇടപെടലിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഭീഷണി നീക്കം ചെയ്തതായും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും സാധാരണ ജനജീവിതം തുടരാമെന്നും അധികൃതർ അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നൽകിയ നിർദ്ദേശങ്ങൾ പാലിച്ചവരോട് നന്ദി അറിയിച്ച മന്ത്രാലയം, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കൂട്ടിച്ചേർത്തു.
ഇറാഖ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖബാത്ത് ഓർഗനൈസേഷൻ ഓഫ് ഇറാനിയൻ കുർദിസ്ഥാൻ എന്ന വിമത സംഘടനയാണ് ഇറാനിലേക്ക് ഒരു കരയാക്രമണം നടത്താൻ പദ്ധതിയിടുന്നത്. ഇതിന് വലിയ സാധ്യതയുണ്ടെന്ന് സംഘടനയുടെ സെക്രട്ടറി ജനറൽ ബാബാശൈഖ് ഹുസൈനി വെളിപ്പെടുത്തിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. അമേരിക്ക തങ്ങളെ ബന്ധപ്പെട്ടുവെന്ന കാര്യവും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്.
‘നിലവിൽ ഞങ്ങൾ യാതൊരുവിധ ആക്രമണ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിട്ടില്ല,’ ഹുസൈനി വ്യക്തമാക്കി. ‘ഞങ്ങൾ ദീർഘകാലമായി ഇതിനുള്ള പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. ഇപ്പോൾ സാഹചര്യങ്ങൾ കൂടുതൽ അനുകൂലമായതിനാൽ, ഒരു ആക്രമണത്തിന് വലിയ സാധ്യതയുണ്ട്. കരയാക്രമണവുമായി മുന്നോട്ട് പോകാനാണ് കൂടുതൽ സാധ്യത,’ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
‘അമേരിക്കക്കാർ വിവിധ മാർഗ്ഗങ്ങളിലൂടെ ഞങ്ങളെ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ ഞങ്ങൾ നേരിട്ട് ചർച്ചകൾ നടത്തിയിട്ടില്ല,’ ഹുസൈനി പറഞ്ഞു. നിലവിലെ ഇറാൻ ഭരണകൂടത്തോട് നാം എന്ത് ചെയ്യണം, എന്തൊക്കെയാണ് വഴികൾ, ഭാവിയിൽ നമുക്ക് ഒരുമിച്ച് സഹകരിക്കാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങൾ മാത്രമാണ് അമേരിക്ക ചോദിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ഇതുവരെ നേരിട്ടുള്ള ആശയവിനിമയം നടന്നിട്ടില്ലെന്നും മറ്റ് കുർദിഷ് ഇടനിലക്കാർ വഴിയാണ് സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇസ്റാഈലും ഇറാനെതിരെ നടത്തുന്ന നീക്കങ്ങൾക്ക് സമാന്തരമായി രാജ്യത്തിനകത്ത് കുർദിഷ് പോരാളികളെ ഉപയോഗിച്ച് പ്രതിസന്ധി സൃഷ്ടിക്കാനാണ് അമേരിക്കയുടെ ശ്രമമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അമേരിക്കയുമായി ഭാവിയിൽ സഹകരിക്കുകയാണെങ്കിൽ തങ്ങൾക്ക് വേണ്ട സഹായങ്ങളെക്കുറിച്ചും ബാബാശൈഖ് ഹുസൈനി വ്യക്തമാക്കി. ‘സമയം വരുമ്പോൾ ഞങ്ങൾ അവരുമായി കൂടിക്കാഴ്ച നടത്തും, അപ്പോൾ യുദ്ധമുഖത്ത് കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. തീർച്ചയായും യുദ്ധമുഖത്ത് ഞങ്ങൾക്ക് ആയുധങ്ങളും സ്ഫോടകവസ്തുക്കളും അത്യാധുനിക ഉപകരണങ്ങളും ആവശ്യമാണ്,’ അദ്ദേഹം പറഞ്ഞു. ‘നിങ്ങൾക്കറിയാവുന്നതുപോലെ, ഞങ്ങളുടെ പക്കലുള്ള ഉപകരണങ്ങൾ അടിസ്ഥാനപരവും പഴയതുമാണ്. ഇന്നത്തെ യുദ്ധങ്ങൾ മുമ്പത്തേക്കാൾ വളരെ ആധുനികമാണ്. അതിനാൽ അത്തരമൊരു സാഹചര്യം വന്നാൽ, ഞങ്ങൾക്ക് ഈ ആവശ്യങ്ങളുണ്ട്,’ ഹുസൈനി വ്യക്തമാക്കി. ഇറാഖിലെ കുർദിഷ് മേഖലയിൽ നിന്ന് ഇവർ ഇറാന്റെ അതിർത്തി കടന്നാൽ അത് വലിയൊരു ആഭ്യന്തര യുദ്ധത്തിന് വഴിവെച്ചേക്കാം.



