പശ്ചിമേഷ്യൻ യുദ്ധം ഗൾഫ് മേഖലയിലാകെ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമ്പോൾ, അയൽരാജ്യങ്ങൾക്ക് ആശ്വാസമാകുന്ന സുപ്രധാന പ്രഖ്യാപനവുമായി ഇറാൻ രംഗത്ത്. ഇറാൻ ഇടക്കാല നേതൃസമിതിയുടെ തീരുമാനപ്രകാരം, അയൽരാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ആ രാജ്യങ്ങളുടെ മണ്ണിൽ നിന്ന് ഇറാന് നേരെ ആക്രമണം ഉണ്ടായാൽ മാത്രമേ ഇനി തിരിച്ചടിക്കൂ. കഴിഞ്ഞ ദിവസങ്ങളിൽ അയൽരാജ്യങ്ങൾക്ക് നേരെയുണ്ടായ മിസൈൽ ആക്രമണങ്ങളിൽ അദ്ദേഹം പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തു.
എന്നാൽ ഇറാഖിലെ കുർദിഷ് മേഖലയിലുള്ള മൂന്ന് വിഘടനവാദി കേന്ദ്രങ്ങൾ ശനിയാഴ്ച രാവിലെ തകർത്തതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് അറിയിച്ചു. ഇറാന്റെ പരമാധികാരത്തിനെതിരെ നീങ്ങിയാൽ ശക്തമായി നേരിടുമെന്ന് സൈന്യം മുന്നറിയിപ്പ് നൽകി. ഇതിനിടെ അറബ് രാജ്യങ്ങളുടെ അതിർത്തികളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ ആവശ്യപ്രകാരം അറബ് ലീഗ് ഞായറാഴ്ച അടിയന്തര യോഗം ചേരുന്നുണ്ട്.



