കൊച്ചി: തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരനെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
കേസിൽ സാഹചര്യ തെളിവുകൾ മാത്രമാണുള്ളത്. പ്രതി കുറ്റക്കാരനാണെന്ന് ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും കോടതി വിലയിരുത്തി. തൊണ്ടിമുതലായ അടിവസ്ത്രം കോടതിയിൽ നിന്ന് വാങ്ങിയപ്പോഴും തിരികെ ഏൽപ്പിച്ചപ്പോഴും ആന്റണി രാജുവാണ് ഒപ്പിട്ടിരിക്കുന്നത്.
എന്നാൽ ആ വസ്ത്രത്തിൽ കൃത്രിമം നടത്തിയത് അദ്ദേഹമാണെന്ന് എങ്ങനെ തെളിയിക്കാൻ കഴിയുമെന്ന ചോദ്യവും കോടതി ഉന്നയിച്ചു. കൃത്രിമം നടന്നത് എവിടെ വെച്ച്, ആര് നടത്തിയെന്നത് കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി ശ്രദ്ധയിൽപ്പെടുത്തി.
ഈ സാഹചര്യത്തിൽ എങ്ങനെയാണ് ആന്റണി രാജുവിനു മേൽ കുറ്റം ആരോപിക്കാൻ കഴിയുക എന്ന ചോദ്യമാണ് കോടതി ഉയർത്തിയത്. ഹൈക്കോടതി വിജിലൻസ് വിഭാഗം മുൻപ് നടത്തിയ അന്വേഷണ റിപ്പോർട്ടും കോടതി പരിശോധിച്ചു.
സംഭവസമയത്ത് ജൂണിയർ അഭിഭാഷകനായിരുന്ന ആൻ്റണി രാജുവിനെതിരെ മാത്രം എന്തുകൊണ്ട് നടപടി വന്നു. അന്നത്തെ സീനിയർ അഭിഭാഷകർക്കെതിരെ എന്തുകൊണ്ട് അന്വേഷണം ഉണ്ടായില്ലെന്നും കോടതി ചോദിച്ചു.



