പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഇന്ന് 281 വിമാന സർവീസുകൾ റദ്ദാക്കിയതായി വ്യോമയാന മന്ത്രാലയം. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിമാനങ്ങളുടെ തൽസ്ഥിതി പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കാരുടെ പരാതികൾക്കായി കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. 1461 പരാതികളിൽ പരിശോധന നടത്തിയെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. അതേ സമയം, വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയ മധ്യേഷ്യയില്‍ യുദ്ധം പടരുന്നത് ടൂറിസം മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. വിമാനങ്ങള്‍ റദ്ദാക്കിയും നേരത്തെ പ്ലാന്‍ ചെയ്ത യാത്രകള്‍ മാറ്റിവെച്ചും സഞ്ചാരികള്‍ പിന്‍വാങ്ങുന്നതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് മേഖലയില്‍ പ്രതീക്ഷിക്കുന്നത്. യുദ്ധവാര്‍ത്തകള്‍ സഞ്ചാരികളെ ഭയപ്പെടുത്തുകയാണ്. ടൂറിസം സീസണ്‍ തുടങ്ങുന്ന സമയത്തുണ്ടായ ഈ തിരിച്ചടി വലിയ സാമ്പത്തിക ആഘാതമുണ്ടാക്കുമെന്നാണ് ആശങ്ക.