പി കെ ശശിക്കെതിരേ രൂക്ഷവിമർശനവുമായി പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. പി കെ ശശി ഒന്നിനും കൊള്ളാത്ത ഒരുത്തനാണെന്നും അദ്ദേഹത്തെ മുഖവിലക്കെടുക്കുന്നില്ലെന്നും സുരേഷ് ബാബു പറഞ്ഞു. വിമത നീക്കത്തിന്റെ പേരിൽ പി കെ ശശിയെ സിപിഎമ്മിൽനിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സുരേഷ് ബാബു ശശിക്കെതിരേ രൂക്ഷ വിമർശനമുന്നയിച്ചത്.
‘ഒറ്റപ്പാലത്ത് സിപിഎമ്മിനും എൽഡിഎഫിനും സ്ഥാനാർത്ഥിയുണ്ട്. വഴിയിലൂടെ പോകുന്ന ഏതെങ്കിലും ഒരുത്തന് ഞാൻ മറുപടി പറയേണ്ട കാര്യമുണ്ടോ? ഞങ്ങളുടെ അടുക്കളയിൽ പാചക്കാരനായും കുടപിടിപ്പുകാരനായും നടന്നവനെയൊക്കെ സ്ഥാനാർത്ഥിയാക്കുന്നത് യുഡിഎഫിന്റെ ഗതികേടാണ്. പാർട്ടിയുടെ എല്ലാ സ്ഥാനമാനങ്ങളും കാലാകാലങ്ങളായി അനുഭവിച്ച്, അതിന്റെ സുഖം കണ്ട്, അതിൽ നിന്ന് പരമാവധി സാമ്പത്തിക വെട്ടിപ്പ് നടത്തി അതിൽ പാർട്ടി നടപടി നേരിട്ടാൽ തിരുത്തി കമ്മ്യൂണിസ്റ്റ് ബോധത്തോടെ തിരിച്ചുവരേണ്ടതിന് പകരം ഞാനിത് തുടരും, എനിക്ക് ഈ പണിയാണ് നല്ലത് എന്ന് പ്രഖ്യാപിക്കുന്നവനോടൊക്കെ എന്തു പറയാനാണ്. സിപിഎമ്മിനൊപ്പം നിൽക്കുമ്പോൾ കൊള്ളരുത്താവര്. ഇനി ഇയാളെ വലിയ മഹാനാക്കി നിങ്ങള് മാറ്റുമല്ലോ”- സുരേഷ് ബാബു ചോദിച്ചു.



