ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ദക്ഷിണ കൊറിയൻ സംഗീത ബാൻഡായ ബി.ടി.എസ് (BTS) തിരിച്ചെത്തുന്നു. നീണ്ട നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘അരിരാങ്’ (Arirang) എന്ന പുതിയ ആൽബവുമായാണ് സംഘം എത്തുന്നത്. മാർച്ച് 20-ന് പുറത്തിറങ്ങുന്ന ഈ ആൽബം നെറ്റ്ഫ്ലിക്സിലൂടെയാണ് ആഗോളതലത്തിൽ സംപ്രേക്ഷണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ‘ബി.ടി.എസ് ദി കംബാക്ക് ലൈവി’ന്റെ ആദ്യ ടീസർ നെറ്റ്ഫ്ലിക്സ് പുറത്തിറക്കി.
ഇന്ത്യയിലെ ബി.ടി.എസ് ആരാധകർക്ക് (BTS ARMY) മാർച്ച് 21-ന് വൈകുന്നേരം 4:30 മുതൽ മാത്രമേ തത്സമയ സംപ്രേക്ഷണം കാണാൻ സാധിക്കൂ. കൊറിയയിൽ നിന്ന് നെറ്റ്ഫ്ലിക്സ് ആഗോളതലത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ആദ്യത്തെ പരിപാടിയായിരിക്കും ഇത്. ആൽബം റിലീസിന് പിന്നാലെ ‘ബി.ടി.എസ് ദി റിട്ടേൺ’ എന്ന ഫീച്ചർ ഡോക്യുമെന്ററിയും നെറ്റ്ഫ്ലിക്സ് പ്രദർശിപ്പിക്കും. കൂടാതെ, ഏഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലായി 34 പ്രദേശങ്ങളിൽ 82 ഷോകൾ ഉൾപ്പെടുന്ന വേൾഡ് ടൂറിനും ബി.ടി.എസ് തുടക്കം കുറിക്കും.
ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ബി.ടി.എസ് അംഗങ്ങൾ നാല് വർഷത്തെ ഇടവേള എടുത്തത്. ആർ.എം, ജിൻ, സുഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജങ്കൂക്ക് എന്നീ ഏഴ് അംഗങ്ങളും സേവനം പൂർത്തിയാക്കി തിരിച്ചെത്തിയ ശേഷമുള്ള ഇവരുടെ ആദ്യ പ്രോജക്റ്റാണിത്. ഇത് തങ്ങളുടെ അഞ്ചാമത്തെ സ്റ്റുഡിയോ ആൽബമാണെന്നും ആരാധകർക്കായി സമർപ്പിക്കുന്നുവെന്നും ബി.ടി.എസ് അറിയിച്ചു. 2013-ൽ അരങ്ങേറ്റം കുറിച്ച ബി.ടി.എസ് ചുരുങ്ങിയ കാലം കൊണ്ടാണ് ആഗോള സംഗീത ലോകത്തിന്റെ നെറുകയിൽ എത്തിയത്.



