നിർമ്മിത ബുദ്ധി (AI) മേഖലയിലെ കുതിച്ചുചാട്ടം സാധാരണക്കാരുടെ വൈദ്യുതി ബില്ല് വർദ്ധിപ്പിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള നിർണ്ണായക കരാറിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രമുഖ ടെക് കമ്പനികളും ഒപ്പുവെച്ചു. വൈറ്റ് ഹൗസിൽ നടന്ന സമ്മേളനത്തിലാണ് ഗൂഗിൾ, മൈക്രോസോഫ്റ്റ്, മെറ്റാ, ഒറാക്കിൾ, xAI, ഓപ്പൺ എഐ (OpenAI), ആമസോൺ എന്നീ ഏഴ് വമ്പൻ കമ്പനികൾ റേറ്റ് പെയർ പ്രൊട്ടക്ഷൻ പ്ലെഡ്ജ് (Ratepayer Protection Pledge) എന്ന കരാറിൽ ഒപ്പിട്ടത്.
2026-ലെ മിഡ്-ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഈ നീക്കം നടത്തിയത്. എഐ ഡാറ്റാ സെന്ററുകൾക്കായി ആവശ്യമായ വൻതോതിലുള്ള വൈദ്യുതിയും അത് ഗ്രിഡുമായി ബന്ധിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും കമ്പനികൾ തന്നെ നേരിട്ട് നിർമ്മിക്കുകയോ വാങ്ങുകയോ ചെയ്യുമെന്ന് കരാർ വ്യക്തമാക്കുന്നു.
കരാറിലെ പ്രധാന നിബന്ധനകൾ:
സാധാരണ ഉപഭോക്താക്കൾ നൽകുന്ന നിരക്കിൽ നിന്നും വ്യത്യസ്തമായ നിരക്കാകും ഡാറ്റാ സെന്ററുകൾക്കായി ടെക് കമ്പനികൾ നൽകുക. വൈദ്യുതി ഗ്രിഡുകളെ ശക്തിപ്പെടുത്തുന്നതിനുള്ള ചിലവ് കമ്പനികൾ വഹിക്കും. ഇത് സാധാരണക്കാരുടെ യൂട്ടിലിറ്റി ബില്ലുകൾ ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു.
എന്നാൽ, ഈ സന്നദ്ധ കരാറിന് നിയമസാധുതയില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പുതിയ നിരക്ക് ഘടനകൾ നടപ്പിലാക്കാൻ വൈറ്റ് ഹൗസിന് നിയമപരമായ അധികാരമില്ലെന്നും ഇതിൽ സംസ്ഥാന റെഗുലേറ്റർമാരാണ് തീരുമാനമെടുക്കേണ്ടതെന്നും ഹാർവാർഡ് ലോ സ്കൂളിലെ ഇലക്ട്രിസിറ്റി ലോ ഇനീഷ്യേറ്റീവ് ഡയറക്ടർ അരി പെസ്കോ പറഞ്ഞു.
ഡാറ്റാ സെന്ററുകൾ കാരണം ജനങ്ങളുടെ വൈദ്യുതി ബില്ല് വർദ്ധിക്കുമെന്ന് വൈറ്റ് ഹൗസും കമ്പനികളും സമ്മതിച്ചു എന്നതാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയിലെ ന്യൂജേഴ്‌സി, പെൻസിൽവാനിയ, മേരിലാൻഡ്, വിർജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഡാറ്റാ സെന്ററുകളുടെ ആധിക്യം കാരണം നിലവിൽ വൈദ്യുതി നിരക്ക് കുത്തനെ ഉയർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഭരണകൂടത്തിന്റെ ഇടപെടൽ.



