ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസും ഡിഎംകെയും തമ്മിലുള്ള സീറ്റ് വിഭജനത്തിൽ ഒടുവിൽ ധാരണയായി. കോണ്‍ഗ്രസ് 28 നിയമസഭാ സീറ്റുകളിൽ മത്സരിക്കും. ഇതോടൊപ്പം ഒരു രാജ്യസഭാ സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും. 35 നിയമസഭാ സീറ്റും രണ്ട് രാജ്യസഭാ സീറ്റുമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം ഡിഎംകെ തള്ളി. എന്നാൽ, 2021ലേക്കാള്‍ മൂന്ന് നിയമസഭാ സീറ്റ് ഇത്തവണ കോണ്‍ഗ്രസിന് കൂടുതലായി നൽകി. ഡിഎംകെ സഖ്യത്തിന് ജയിക്കാവുന്ന നാലു സീറ്റിൽ ഒരു രാജ്യസഭാ സീറ്റാണ് കോണ്‍ഗ്രസിന് നൽകിയത്. സീറ്റ് വിഭജനം സംബന്ധിച്ച് കനിമൊഴിയുടെ ഇടപെടലാണ് നിര്‍ണായകമായത്. എംകെ സ്റ്റാലിനും തമിഴ്നാട് പിസിസി അധ്യക്ഷനും സീറ്റ് വിഭജനം സംബന്ധിച്ച കരാര്‍ ഒപ്പിട്ടു.
രണ്ട് രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് സോണിയ ഗാന്ധി സ്റ്റാലിന് കത്ത് നൽകിയിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ച് ഇന്ന് വൈകിട്ട് ഡിഎംകെ ഓഫീസിൽ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തുമെന്ന് വിവരമുണ്ടായിരുന്നെങ്കിലും അവസാനം വരെയും സസ്പെന്‍സ് തുടരുകയായിരുന്നു. വൈകുന്നേരം വരെയും പിസിസി അധ്യക്ഷനും തമിഴ്നാടിന്‍റെ ചുമതലയുള്ള എഐസിസി നേതാവ് ഗിരീഷ് ചോദാങ്കരും എത്തിയിരുന്നില്ല. ഇരുവരും ചെന്നൈയിലെ സ്വകാര്യ ഹോട്ടലിൽ തുടരുകയായിരുന്നു. തുടര്‍ന്ന് രാത്രിയോടെയാണ് കരാര്‍ ഒപ്പിടുന്നത് സംബന്ധിച്ച അനുമതി ഹൈക്കമാന്‍ഡിൽ നിന്ന് ലഭിച്ചതെന്നാണ് വിവരം.
രാത്രിയോടെ എംകെ സ്റ്റാലിനും കോണ്‍ഗ്രസ് പിസിസി അധ്യക്ഷനുമടക്കമുള്ള നേതാക്കള്‍ ഡിഎംകെ ഓഫീസിലെത്തിയാണ് കരാര്‍ ഒപ്പിട്ടത്. മീനാക്ഷി നടരാജനെയാണ് തമിഴ്നാട്ടിൽ നിന്ന് കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് പരിഗണിക്കുന്നത്. അതേസമയം, രാജ്യസഭയിലേക്കുള്ള ഡിഎംകെയുടെ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. തിരുച്ചി ശിവയും കോണ്‍സ്റ്റൈന്‍റൻ രവീന്ദ്രനും മത്സരിക്കും. തിരുച്ചി ശിവക്ക് വീണ്ടും സീറ്റ് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഡിഎംകെ വക്താക്കളുടെ പാനൽ സെക്രട്ടറിയാണ് രവീന്ദ്രൻ. വിജയകാന്തിന്‍റെ പാര്‍ട്ടിയായ ഡിഎംകെയിലായിരുന്ന രവീന്ദ്രൻ 2016ലാണ് ഡിഎംകെയിലെത്തുന്നത്.



