പാലക്കാട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ബന്ധം ഉപേക്ഷിച്ച് പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫിനായി കളത്തിലിറങ്ങും. ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ സിപിഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് ശശിയുടെ തീരുമാനം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സഹായം തേടി ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളെ സമീപിച്ചിരിക്കുകയാണ് പികെ ശശി. യുഡിഎഫ് നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പിൽ സഹായം തേടി ശശി കോൺഗ്രസ് – മുസ്ലീം ലീഗ് നേതാക്കളേയും സമീപിച്ചത്. ഏറെക്കാലമായി സിപിഎമ്മിനോട് ഇടഞ്ഞുനിന്നിരുന്ന പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാവുമെന്ന് സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ ശശിക്കെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇതിനോടകം രംഗത്തുവന്നു കഴിഞ്ഞു. നേരത്തെ, ലൈംഗിക അതിക്രമ ആരോപണത്തിൽ ശശിക്കെതിരെ പ്രതിഷേധിച്ചതിനാൽ വോട്ട് ചോദിക്കുന്നതിൽ പ്രതിസന്ധിയുണ്ടെന്നാണ് ഒരു വിഭാഗത്തിൻ്റെ വാദം. 

പികെ ശശി യുഡിഎഫി‌ ൽ എത്തിയാലും ഒറ്റപ്പാലത്ത് സ്ഥാനാർത്ഥിയാക്കരുതെന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കെപിസിസിയെ അറിയിച്ചത്. ഗുരുതര പരാതികളെ തുടർന്ന് 2021ൽ സിപിഎം തന്നെ പി കെ ശശിയെ സ്ഥാനാർത്ഥിത്വം നൽകാതെ മാറ്റി നിർത്തിയിരുന്നു. ലൈംഗിക അതിക്രമ ആരോപണത്തിൽ, അന്ന് പികെ ശശിക്കെതിരെ വ്യാപക പ്രതിഷേധം നടത്തിയവർ, വോട്ട് ചോദിച്ച് ഇറങ്ങുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നു. കോൺഗ്രസ് നേതാവ് ഹരിഗോവിന്ദനെയോ, യൂത്ത് കോൺഗ്രസ് നേതാവ് ഒകെ ഫാറൂഖിനെയോ ഒറ്റപ്പാലത്ത് പരിഗണിക്കണമെന്നാണ് ആവശ്യം. 

അതേസമയം, സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ് മുതിർന്ന നേതാവ് ജി സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനമുന്നയിച്ച് 63 വർഷം നീണ്ട സിപിഎം അംഗത്വമുപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജി സുധാകരൻ. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിൽ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ലെന്നും, പൊതുപരിപാടികളിൽ അവഗണിച്ചുവെന്നും സുധാകരൻ ആരോപിക്കുന്നു, ഏറ്റവും ഒടുവിൽ സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി ഒരു പരിഗണനയും അർഹിക്കുന്ന ആളല്ല എന്ന അർത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തി കളിയാക്കി ചിരിക്കുകയും ചെയ്തുവെന്നും സുധാകരൻ പറയുന്നു.