താരസംഘടനയായ അമ്മയില്‍ നിന്ന് മാറിനില്‍ക്കുന്നത് എന്താണെന്ന ചോദ്യത്തോട് പ്രതികരിച്ച് നടനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാര്‍. കമ്മിറ്റിയില്‍ എടുക്കുന്ന തീരുമാനങ്ങളൊന്നും നടപ്പിലാകുന്നില്ല. ചില ആളുകളുടെ സ്വത്തായി മാറി. മോഹൻലാലോ മമ്മൂട്ടിയെ നേതൃത്വം നല്‍കിയാലേ സംഘടനയ്‍ക്ക് മുന്നോട്ടുപോക്കുണ്ടാകുകയുള്ളൂവെന്നും ഗണേഷ് കുമാര്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഗണേഷ് കുമാറിന്റെ വാക്കുകള്‍

അമ്മയിലെ രീതിയൊന്നും എനിക്ക് ഇഷ്‍ടപ്പെട്ടില്ല. ഞാൻ പോയി. ഞാൻ നാലുകൊല്ലം മുമ്പ് പോയി. അമ്മ തുടങ്ങുമ്പോള്‍ അമ്മയിലെ അംഗങ്ങള്‍ക്കൊപ്പം സമൂഹത്തിന്റെ ചാരിറ്റി കൂടി വേണം എന്ന് ചിന്തിച്ചിട്ടാണ് തുടങ്ങിയത്. അത് ചെയ്യാൻ അമ്മ തയ്യാറാകുന്നില്ല എന്നത് അമ്മയ്‍ക്ക് ദോഷം ചെയ്യുന്നുണ്ട്. കുറച്ച് പണം സമൂഹത്തിലെ സാധുക്കള്‍ക്ക് എന്തായാലും അമ്മയില്‍ നിന്ന് കൊടുക്കണമായിരുന്നു. അമ്മയ്‍ക്ക് നികുതി ഇളവ് ഉണ്ടായിരുന്നു. അത് നഷ്‍ടപ്പെട്ടത് പബ്ലിക് ചാരിറ്റി കൂടി ചെയ്യാതിരുന്നതുകൊണ്ടാണ്. ഇന്റേണല്‍ ആയ സഹായങ്ങള്‍ക്ക് ഇൻകം ടാക്സില്‍ നിന്ന് ഒരു ഇളവ് കിട്ടില്ല. ട്രൈബല്‍ വിഭാഗത്തില്‍ പെട്ടവരെയും പാവങ്ങളെയും സഹായിക്കുന്ന ഒരു സംവിധാനം വേണമായിരുന്നു. ആദ്യ കാലത്ത് ഉണ്ടായിരുന്നു. പിന്നീട് അതില്‍ നിന്നൊക്കെ വ്യതിചലിച്ചു.

കമ്മറ്റിയില്‍ ഒക്കെ പോയിരുന്നാല്‍ കമ്മിറ്റിയില്‍ എടുക്കുന്ന തീരുമാനങ്ങളൊന്നും നടപ്പിലാകുന്നില്ല. ചില ആളുകളുടെ സ്വത്തായി മാറി. ചില ആളുകളുടെ ദാരിദ്യം മാറ്റാനുള്ള ഒരു കമ്പനിയായി മാറി. ചില ആളുകള്‍ക്ക് ജീവിക്കാനുള്ള ഒരു കമ്പനിയായി മാറി. അതുകൊണ്ടുതന്നെയാണ് മൊത്തത്തില്‍ ഒരു മാറ്റം വരട്ടേയെന്ന് തീരുമാനിച്ചത്. സ്‍ത്രീകള്‍ വരട്ടേയെന്ന് പറഞ്ഞത് ഞാനാണ്. സ്‍ത്രീകള്‍ വന്നു. അവര്‍ കണക്കുകളെടുത്ത് പരിശോധിക്കണം എന്നാണ് എന്റെ അഭിപ്രായം. മുൻകാല കണക്കുകളെടുത്ത് പരിശോധിക്കണം.