ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ നടപടിക്ക് കയ്യടിച്ചും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രശംസിച്ചും ഇറാൻ സ്വദേശിയായ ബോളിവുഡ് നടി മന്ദാന കരിമി. ആയത്തൊള്ള അലി ഖമനേയിയുടെ മരണത്തിന് പിന്നാലെ, ട്രംപിനെ ഇറാന്റെ വിമോചകൻ എന്നാണ് താരം വിശേഷിപ്പിച്ചത്. പുരാതന പേർഷ്യൻ ചക്രവർത്തിയായ സൈറസ് ദ ഗ്രേറ്റിനോടാണ് അവർ ട്രംപിനെ ഉപമിച്ചത്. ഇറാനിലെ നിലവിലെ ഭരണകൂടത്തിനെതിരെ വർഷങ്ങളായി പ്രതിഷേധിക്കുന്ന ജനതയ്ക്ക് ട്രംപിന്റെ ഇടപെടലുകൾ വലിയ ആശ്വാസമാണെന്ന് മന്ദാന വ്യക്തമാക്കി.
ഇറാനിൽ ജനിച്ചുവളർന്ന മന്ദാന ഇരുപതാമത്തെ വയസ്സിലാണ് മോഡലിംഗുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് വന്നത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇറാനിലെ നിലവിലെ സർക്കാറിനെതിരായ പ്രതിഷേധങ്ങൾക്ക് അവർ പിന്തുണ നൽകുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ ആയത്തൊള്ള അലി ഖമനേയിക്കെതിരെ രൂക്ഷമായ വിമർശനങ്ങളും അവർ സജീവമായി ഉന്നയിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് അലി ഖമനേയി കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ അമേരിക്കയേയും ഇസ്രയേലിനേയും പ്രശംസിച്ച് മന്ദാന കരിമി രംഗത്തെത്തിയത്.
തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലാണ് മന്ദാന കരിമി ട്രംപിനെ പുകഴ്ത്തുന്നത്. “പ്രിയപ്പെട്ട പ്രസിഡന്റ്, ഇറാനിയൻ ജനത നിങ്ങളെ ഓർക്കുന്നത് ഇസ്രായേൽ സൈറസ് ദ ഗ്രേറ്റിനെ ഓർക്കുന്നതുപോലെയായിരിക്കും.” അവർ എഴുതി.
നേരത്തെ, എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ, ഇറാനിലെ ജനങ്ങൾ വർഷങ്ങളായി ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുകയാണെന്ന് നടി പറഞ്ഞിരുന്നു. “വർഷങ്ങളായി, ഇറാനിലുള്ള ജനങ്ങൾ വെറും കൈകളാൽ പ്രതിഷേധിച്ചു. അമ്മമാരെയും കുട്ടികളെയും സർവ്വകലാശാലകളെയും നഷ്ടപ്പെട്ടു. ഈ പട്ടിക നീണ്ടുപോകുന്നു. ആരും മരണത്തെ ലഘുവായി കാണുന്നില്ലെന്നും അവർ അന്ന് പറഞ്ഞിരുന്നു.
ടെഹ്റാനിലാണ് മന്ദാന കരിമിയുടെ ജനനം. 2010-ൽ മോഡലിംഗിനായി മുംബൈയിലെത്തിയ മന്ദാന എയർ ഹോസ്റ്റസായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ‘റോയ്’, ‘ഭാഗ് ജോണി’, ‘മേൻ ഔർ ചാർലസ്’, ‘ക്യാ കൂൾ ഹേ ഹം 3’ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ അവർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കൂടാതെ, പ്രശസ്ത റിയാലിറ്റി ഷോകളായ ‘ബിഗ് ബോസ് 9’, ‘ലോക്ക് അപ്പ്’ എന്നിവയിലെ മത്സരാർത്ഥിയായിരുന്നതിലൂടെയാണ് മന്ദാന ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ കൂടുതൽ ജനപ്രിയയായത്.



