പശ്ചിമേഷ്യയിലെ യുദ്ധം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന സൂചന നൽകി ഇറാന്റെ മുന്നറിയിപ്പ്. ‘ഈ യുദ്ധം തുടങ്ങിയത് ഞങ്ങളല്ല, അത് നിർത്തേണ്ടത് അത്യാവശ്യമാണ്’ എന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മാഈൽ ബഗായി (Esmaeil Baghaei) പറഞ്ഞു. അമേരിക്കയും ഇസ്രായേലും ചേർന്ന് കൊളുത്തിയ തീ യൂറോപ്പിനെയും തുടർന്ന് ലോകത്തെ മുഴുവനും വിഴുങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

തങ്ങൾ തിരഞ്ഞെടുത്തത് യുദ്ധമല്ല, നയതന്ത്രമാണെന്ന് ബഗായി വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹം അവരുടെ ഉത്തരവാദിത്തം നിറവേറ്റാൻ വൈകരുത്. യൂറോപ്യൻ രാജ്യങ്ങളുടെ സമീപനം പരസ്പര വിരുദ്ധമാണ്. നിയമലംഘനങ്ങളും ധാർമ്മിക ലംഘനങ്ങളും ഭൂമിയിലെ ഓരോ മനുഷ്യനെയും ബാധിക്കും. യൂറോപ്പ് അവരുടെ നിസ്സംഗത വെടിയണമെന്നും, യു.എൻ സുരക്ഷാ സമിതി ഇസ്രായേലിന്റെ ആക്രമണങ്ങളെ അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇറാനിലെ ആക്രമണങ്ങൾക്ക് സമാന്തരമായി ലെബനനിലും ഇസ്രായേല്‍ പിടിമുറുക്കുകയാണ്. തെക്കൻ ലെബനനിലെ 59 ഗ്രാമങ്ങളിൽ നിന്ന് ജനങ്ങൾ അടിയന്തരമായി വീടുകൾ വിട്ടുപോകാ‌ൻ ഇസ്രായേല്‍ സൈന്യം നിർദ്ദേശം നൽകി. ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങൾക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ ഡസൻ കണക്കിന് ഗ്രാമങ്ങളിലെ ജനങ്ങൾ പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്.