തിരുവനന്തപുരം: സിറ്റിങ് സീറ്റുകൾ ഉൾപ്പെടെ 50 മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക എ.ഐ.സി.സി സ്ക്രീനിങ് കമ്മിറ്റിക്ക് കൈമാറി. ഇതിൽ 40 ഇടത്തേത് ഒറ്റപ്പേരുള്ള പട്ടികയാണ്. പത്തിടത്ത് ഒന്നിലിധം പേരുള്ള പാനലും. വിവിധ സർവേകളുടെ അടിസ്ഥാനത്തിലും ജില്ല കോൺഗ്രസ് അധ്യക്ഷന്മാരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലും തയാറാക്കിയ സ്ഥാനാർഥി പട്ടികയാണ് സ്ക്രീനിങ് കമ്മിറ്റി പരിശോധിക്കുന്നത്. സ്ക്രീനിങ് കമ്മിറ്റിയിലെ ചർച്ചക്കുശേഷം കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയാണ് പട്ടിക പ്രഖ്യാപിക്കേണ്ടത്.
കെ. ബാബു (തൃപ്പൂണിത്തുറ), രാഹുൽ മാങ്കൂട്ടത്തിൽ (പാലക്കാട്) എന്നിവരെയൊഴികെ ബാക്കി എല്ലാ സിറ്റിങ് എം.എൽ.എമാരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വട്ടിയൂർകാവിൽ കെ. മുരളീധരൻ, കൊട്ടാരക്കരയിൽ ഐഷ പോറ്റി, തൃത്താലയിൽ വി.ടി. ബൽറാം, മണലൂരിൽ ടി.എൻ. പ്രതാപൻ, കൊടുങ്ങല്ലൂരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ്, കുന്നത്തുനാട്ടിൽ വി.പി. സജീന്ദ്രൻ, പത്തനാപുരത്ത് ജ്യോതികുമാർ ചാമക്കാല, കൊയിലാണ്ടിയിൽ കെ. പ്രവീൺകുമാർ, എലത്തൂരിൽ വിദ്യ ബാലകൃഷ്ണൻ, കോങ്ങാട്ട് കെ.എ. തുളസി, കോഴിക്കോട് നോർത്തിൽ കെ. ജയന്ത്, നാദാപുരത്ത് കെ.എം. അഭിജിത്ത് എന്നീ പേരുകളാണ് പട്ടികയിൽ.



