കെയ്‌റോ: പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ തങ്ങളുടെ ‘വജ്രായുധം’ പ്രയോഗിച്ചിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണെന്നും കടന്നുപോകാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനും നേരെ ഇറാൻ വെടിയുതിർക്കുമെന്നും ഇറാനിയൻ റെവല്യൂഷണറി ഗാർഡ്‌സ് മുന്നറിയിപ്പ് നൽകി. ലോകത്തെ എണ്ണക്കപ്പലുകൾ കടന്നു പോകുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം നിശ്ചലമായ അവസ്ഥയിലാണ്. ഹോർമുസ് കടലിടുക്ക് അടച്ചുകൊണ്ട് ലോകവ്യാപാരത്തിന്റെ നട്ടെല്ല് തകരും. ആഗോള ഊർജ വ്യാപാര മേഘലയേയും പ്രതിസന്ധിയിലേക്കെത്തിക്കുന്നതാണ് ഇറാന്‍റെ പുതിയ നീക്കം.

വിലക്ക് ലംഘിച്ച് ഹോർമുസ് കടലിടുക്കിലൂടെ ആരെങ്കിലും കടന്നുപോകാൻ ശ്രമിച്ചാൽ നാവികസേനയും ആ കപ്പലുകൾക്ക് തീയിടുമെന്നാണ് റെവല്യൂഷണറി ഗാർഡ്‌സ് കമാൻഡർ-ഇൻ-ചീഫിന്റെ മുതിർന്ന ഉപദേഷ്ടാവായ ഇബ്രാഹിം ജബാരി സ്റ്റേറ്റ് മീഡിയയിലൂടെ മുന്നറിയിപ്പ് നൽകിയത്. സൗദി അറേബ്യ, ഇറാൻ, ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ ഏറ്റവും വലിയ ഗൾഫ് എണ്ണ ഉൽപ്പാദകരെ ഒമാൻ ഉൾക്കടലുമായും അറേബ്യൻ കടലുമായും ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി പാതയാണ് ഈ കടലിടുക്ക്. സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, ഖത്തർ, ബഹ്‌റൈൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണയും പ്രകൃതിവാതകവും പ്രധാനമായും ഈ വഴിയാണ് കൈമാറ്റം ചെയ്യുന്നത്.

ആഗോള എണ്ണ വ്യാപാരത്തെ അഞ്ചിലൊന്നായി കുറയ്ക്കാനും ക്രൂഡ് ഓയിൽ വില കുത്തനെ ഉയർത്തുന്നതിനും ഇറാന്‍റെ നീക്കം കാരണമാകും. ഹോർമൂസ് കടലിടുക്ക് ഏതാനും ദിവസം അടച്ചിട്ടാല്‍ പോലും ഗ്യാസ്, എണ്ണക്കടത്തിനെ സാരമായി ബാധിക്കും. ഫെബ്രുവരിയിൽ ഹോ‍ർമുസ് കടലിടുക്കിൽ ഏതാനും ദിവസങ്ങൾ മാത്രം കപ്പലുകൾക്ക് നിയന്ത്രണം കൊണ്ടുവന്നപ്പോൾ തന്നെ എണ്ണവിലയിൽ 6 ശതമാനത്തോളം വർധനവുണ്ടായിരുന്നു. അതേസമയം ലപാത ഇപ്പോഴും തുറന്നുതന്നെയാണെന്നും കപ്പൽ ഗതാഗതം തടസ്സപ്പെട്ടിട്ടില്ലെന്നുമാണ് അമേരിക്കൻ വൃത്തങ്ങൾ അവകാശപ്പെടുന്നത്.