വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള ദീർഘകാല തർക്കം ശനിയാഴ്ചയോടെ നേരിട്ടുള്ള യുദ്ധത്തിലേക്ക് വഴിമാറിക്കഴിഞ്ഞു. ഇറാനിലെ ആണവ കേന്ദ്രങ്ങളെയും മിസൈൽ നിർമ്മാണ ശാലകളെയും ലക്ഷ്യം വെച്ച് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തുന്ന അതിശക്തമായ സൈനിക നീക്കത്തിന് ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്നാണ് പെന്‍റഗൺ പേര് നൽകിയിരിക്കുന്നത്. ഇറാൻ ഒരിക്കലും ആണവായുധം കൈക്കലാക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഈ ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യമെന്ന് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ട വീഡിയോയിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാന്‍റെ മിസൈൽ വ്യവസായത്തെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ശനിയാഴ്ച തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ ഇറാനിലെ 1,250-ലധികം ലക്ഷ്യസ്ഥാനങ്ങൾ അമേരിക്ക തകർത്തു. 11 ഇറാനിയൻ കപ്പലുകൾ തകർത്തതായി സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. യുദ്ധത്തിന്‍റെ ആദ്യഘട്ടത്തിൽ തന്നെ ടെഹ്‌റാനിലെ വസതി തകർക്കപ്പെട്ടതിനെത്തുടർന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെടുകയും ചെയ്തു. നിലവിലെ വിവരങ്ങൾ പ്രകാരം ഇറാന്‍റെ വിവിധ ഭാഗങ്ങളിലായി 555-ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. യുദ്ധം നാലോ അഞ്ചോ ആഴ്ചയോളം നീണ്ടുനിന്നേക്കാമെന്ന സൂചനയാണ് ട്രംപ് നൽകുന്നത്. ആകാശത്തുനിന്നും കടലിൽ നിന്നുമുള്ള ക്രൂയിസ് മിസൈലുകൾ ഉൾപ്പെടെ ഇരുപതോളം ആധുനിക ആയുധ സംവിധാനങ്ങളാണ് ഈ ഓപ്പറേഷനിൽ അമേരിക്ക വിന്യസിച്ചിരിക്കുന്നത്.
അതിഭീമമായ സാമ്പത്തിക ബാധ്യത
അതേസമയം, അതിഭീമമായ സാമ്പത്തിക ബാധ്യതയാണ് ഈ യുദ്ധം അമേരിക്കൻ ഖജനാവിനുണ്ടാക്കുന്നത്. 2023 ഒക്ടോബർ മുതൽ ഇസ്രായേലിനും മറ്റ് മേഖലയിലെ സൈനിക നീക്കങ്ങൾക്കുമായി ഏകദേശം 33.77 ബില്യൺ ഡോളർ (ഏകദേശം 2.8 ലക്ഷം കോടി രൂപ) അമേരിക്ക ഇതിനോടകം ചിലവിട്ടു കഴിഞ്ഞു. ഓപ്പറേഷൻ എപിക് ഫ്യൂറിയുടെ ആദ്യ 24 മണിക്കൂറിൽ മാത്രം 779 മില്യൺ ഡോളറാണ് ((ഏകദേശം 6,400 കോടിയിലധികം രൂപ) ചെലവ് കണക്കാക്കുന്നത്. യുദ്ധത്തിന് മുന്നോടിയായുള്ള സൈനിക വിന്യാസത്തിനും വിമാനവാഹിനി കപ്പലുകളുടെ നീക്കത്തിനുമായി ഇതിന് പുറമെ 630 മില്യൺ ഡോളർ വേറെയും ചെലവഴിച്ചു. ഒരു വിമാനവാഹിനി കപ്പൽ പടയെ ഒരു ദിവസം പ്രവർത്തിപ്പിക്കാൻ മാത്രം 6.5 മില്യൺ ഡോളറോളം ചിലവ് വരുമെന്നിരിക്കെ, യുദ്ധം നീണ്ടുപോകുന്നത് അമേരിക്കയ്ക്ക് വലിയ സാമ്പത്തിക വെല്ലുവിളിയാകും.



