ലോകത്ത് അഞ്ചിലൊന്ന് കുട്ടികളും സംഘർഷമേഖലകളിലാണ് ജീവിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. വർഷം തോറും ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്യുന്നുണ്ടെന്നും ശിശുക്ഷേമനിധി അറിയിച്ചു.
കഴിഞ്ഞ ഇരുപത് വർഷങ്ങളായി പതിനാലായിരത്തോളം സ്‌കൂളുകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, മൂവായിരത്തോളം സ്‌കൂളുകൾ മിലിട്ടറി കൈയ്യേറി ഉപയോഗിച്ചിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ലോകത്ത് അൻപത് കോടിയോളം കുട്ടികളാണ് സംഘർഷബാധിതമേഖലകളിൽ താമസിക്കാൻ നിർബന്ധിതരായിരിക്കുന്നതെന്നും ഫെബ്രുവരി 25-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ സംഘടന അറിയിച്ചു.
ഇസ്രായേൽ-പാലസ്തീന യുദ്ധത്തിന്റെ ഭാഗമായി ഗാസാ മുനമ്പിലുള്ള സ്‌കൂളുകളിൽ തൊണ്ണൂറ്റിയേഴ് ശതമാനവും 2023-ന് ശേഷമുള്ള കാലയളവിൽ അക്രമിക്കപ്പെട്ടെന്നും, ചില സ്‌കൂളുകളെങ്കിലും പൂർണ്ണമായി തകർന്നുവെന്നും യൂണിസെഫ് എഴുതി.
കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്, മ്യാന്മാർ, ഉക്രൈൻ തുടങ്ങിയ രാജ്യങ്ങളിലും നൂറുകണക്കിന് സ്‌കൂളുകൾ കൊള്ളയടയ്ക്കപ്പെടുകയോ അഗ്നിക്കിരയാക്കപ്പെടുകയോ സ്ഫോടനവസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണത്തിന് വിധേയമാകുകയോ ചെയ്തിട്ടുണ്ടെന്ന് യൂണിസെഫ് അറിയിച്ചു. കുട്ടികളുടെ അവകാശങ്ങളുടെമേലുള്ള നിയന്ത്രണവും, അവരുടെ സുരക്ഷയ്ക്കും അന്തസ്സിനും ഭാവിക്കും നേരെയുള്ള ആക്രമണവുമാണ് ഇവയെന്ന് ശിശുക്ഷേമനിധി തങ്ങളുടെ പത്രക്കുറിപ്പിലൂടെ ഓർമ്മപ്പിച്ചു.
യുദ്ധമേഖലയിലെ കുട്ടികളുടെ സാന്നിദ്ധ്യവുമായി ബന്ധപ്പെട്ട് 2005-ൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗൺസിൽ 1612-ആം പ്രമേയം പാസാക്കിയതിന് ശേഷം മാത്രം പതിനാലായിരത്തോളം സ്‌കൂളുകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, ഇതനുസരിച്ച് കഴിഞ്ഞ ഇരുപത് വർഷങ്ങളിൽ സ്‌കൂളുകൾക്ക് നേരെ ദിനം പ്രതി രണ്ട് ആക്രമണങ്ങൾ വീതമെങ്കിലും ഉണ്ടായിട്ടുള്ളതായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നും യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ പ്രസ്താവിച്ചു.
സ്‌കൂളുകളിൽ പോകുന്ന കുട്ടികൾ മാത്രമല്ല ദുരിതങ്ങളും ആക്രമണങ്ങളും സഹിക്കേണ്ടിവരുന്നതെന്നും, സ്‌കൂളുകളിൽ പോകാത്ത കുട്ടികളിൽ പലരും പട്ടാളക്കാരായോ സന്ദേശവാഹകരയോ പ്രവർത്തിക്കാൻ നിർബന്ധിക്കപ്പെടുന്നുണ്ടെന്നും, ചിലർ ലൈംഗികമായ ചൂഷണങ്ങൾക്കും ദുരുപയോഗങ്ങൾക്കും പോലും ഇരകളാകുന്നുണ്ടെന്നും യൂണിസെഫ് അറിയിച്ചു.
യുദ്ധ, സംഘർഷ മേഖലകളിലും അന്താരാഷ്ട്രനിയമങ്ങൾ പാലിക്കപ്പെടണമെന്നും സ്‌കൂളുകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കപ്പെടണമെന്നും ആവശ്യപ്പെട്ട ശിശുക്ഷേമനിധി, സ്‌കൂളുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിക്കണമെന്നും, മിലിറ്ററി ആവശ്യങ്ങൾക്കുവേണ്ടിയുള്ള സ്‌കൂൾ കെട്ടിടങ്ങളുടെ ഉപയോഗം അനുവദിക്കരുതെന്നും, കുട്ടികളെ യുദ്ധസേവനങ്ങൾക്കും ആവശ്യങ്ങൾക്കുമായി ഉപയോഗിക്കരുതെന്നും തങ്ങളുടെ പത്രക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.



