കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലായി ഒരു നഗരസഭയും ഒൻപത് പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പൂഞ്ഞാർ നിയോജകമണ്ഡലം. ശബരി റെയിൽപാത, ശബരിമല വിമാന ത്താവളപദ്ധതി എന്നിവ മണ്ഡലത്തിൽ വർഷങ്ങളായി ചർച്ച ചെയ്യുന്നു. രാജ്യം ശ്രദ്ധിക്കുന്ന എരുമേലിയും ഇവിടെത്തന്നെ.

പൂഞ്ഞാറിന്റെ മനസ്സ് ആർക്കൊപ്പം

ഇടതിനും ഐക്യമുന്നണിക്കുമൊപ്പംനിന്നിട്ടുള്ള മണ്ഡലം സ്വതന്ത്രനായിനിന്ന പി.സി. ജോർജിനെയും വിജയിപ്പിച്ചിട്ടുണ്ട്. പൂഞ്ഞാറിന്റെ മനസ്സ് ആർക്കൊപ്പമെന്ന് പ്രവചിക്കാൻ കഴിയില്ല. തിരഞ്ഞടുപ്പ് ഫലങ്ങളിൽനിന്ന് കേരള കോൺഗ്രസിനോടുള്ള പൂഞ്ഞാറിന്റെ വാത്സല്യം പ്രകടമാണ്. എന്നാൽ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും മനസ്സ് യു.ഡി.എഫിനൊപ്പമായിരുന്നു. പൂഞ്ഞാർ ഇതുവരെ നൽകിയിട്ടുള്ള ഫലങ്ങളിലും ഒളിച്ചിരുപ്പുണ്ട് സർപ്രൈസ്. ഇരുമുന്നണികളുടെ ഭാഗമായും സ്വതന്ത്രനായും മത്സരിച്ച പി.സി. ജോർജിനെ വിജയിപ്പിച്ച പൂഞ്ഞാറുകാർ നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങിയ സെബാസ്റ്റ്യൻ കുളത്തുങ്കലിനെയും വിജയിപ്പിച്ച് പി.സി.യെ രണ്ടാം സ്ഥാനക്കാരനാക്കി.

ചർച്ച പുരോഗമിക്കുന്നു

എൽ.ഡി.എഫിന്റെ സ്ഥാനാർഥി സിറ്റിങ് എം.എൽ.എ കൂടിയായ കേരള കോൺഗ്രസ് എമ്മിലെ സെബാസ്റ്റ്യൻ കുളത്തുങ്കൽ തന്നെ. യു.ഡി.എഫിൽ കോൺഗ്രസിനാണ് സീറ്റ്. കഴിഞ്ഞ തവണ മത്സരരംഗത്തുണ്ടായിരുന്ന ടോമി കല്ലാനി, കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എ. സലിം, കെ.പി.സി.സി. അംഗം തോമസ് കല്ലാടൻ, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ പ്രകാശ് പുളിക്കൻ, ജോമോൻ ഐക്കര, ജില്ലാപഞ്ചായത്തംഗം പി. ജീരാജ് തുടങ്ങിയവരുടെ പേരുകൾക്കൊപ്പം യൂത്ത് കോൺഗ്രസ് നേതാക്കളുടെയും പേരുകൾ കേൾക്കുന്നു. എൽ.ഡി.എഫിൽനിന്ന് സീറ്റ് തിരികെപ്പിടിക്കാൻ മികച്ച സ്ഥാനാർഥിയെത്തന്നെ കളത്തിലിറക്കാനുള്ള തീരുമാനത്തിലാണ് യു.ഡി.എഫ്. ഇതിനിടെ കേരള കോൺഗ്രസുമായി ഏറ്റുമാനൂർ സീറ്റ് വെച്ചുമാറുന്നുവെന്ന ചർച്ചകളുമുയർന്നിരുന്നു. പി.സി. ജോർജ് എൻ.ഡി.എ. സ്ഥാനാർഥിയായി എത്തുമെന്നാണ് നേതൃത്വം നൽകുന്ന സൂചന. പി.സി. ജോർജിനോളം ജനപ്രീതിയും മണ്ഡല പരിചയവുമുള്ള മറ്റൊരാൾ ഇല്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പി.സി കൂടി എത്തുന്നതോടെ ത്രികോണ മത്സരത്തിന് വേദിയാകും.