സൊമാലിയയിൽ പട്ടിണി കിടക്കുന്നവരുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയായി വർധിച്ചുവെന്ന് ഐക്യരാഷ്ട്രസഭയും ലോക ഭക്ഷ്യ ഏജൻസികളും അറിയിച്ചു. തുടർച്ചയായ വരൾച്ചയും സാമ്പത്തിക സമ്മർദങ്ങളും മാനുഷിക സഹായങ്ങളുടെ കുറവും സ്ഥിതി കൂടുതൽ വഷളാക്കി. അതേസമയം കഴിഞ്ഞ രണ്ട് വർഷമായി കടുത്ത പോഷകാഹാരക്കുറവിന്റെ തോതും ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.
2025 നെ അപേക്ഷിച്ച് ഈ വർഷം സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം പേർ ഇന്ന് ഒരുനേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുകയാണ്. ഇതിൽ ഭൂരിഭാഗവും കുട്ടികളും പ്രായമായവരുമാണെന്നും ഐക്യരാഷ്ട്രസഭ പറയുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സീസണിൽ പ്രതീക്ഷിച്ച മഴ ലഭിക്കാഞ്ഞതും കാലാവസ്ഥാമാറ്റങ്ങളും കൃഷിയെയും കന്നുകാലി വളർത്തലിനെയും പൂർണ്ണമായും തകർത്തു. ഇത് ഗ്രാമീണമേഖലയിലുള്ളവരുടെ ഉപജീവനമാർഗം ഇല്ലാതാക്കി.
സൊമാലിയയിലെ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന പതിനായിരക്കണക്കിന് കുട്ടികൾ അതീവഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. മതിയായ ചികിത്സയും ഭക്ഷണവും ലഭിച്ചില്ലെങ്കിൽ വരുംമാസങ്ങളിൽ മരണസംഖ്യ കുത്തനെ ഉയരുമെന്ന് ‘സേവ് ദി ചിൽഡ്രൻ’ പോലുള്ള സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.
ആഗോളസമൂഹം അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മാനുഷികദുരന്തത്തിന് സൊമാലിയ സാക്ഷ്യം വഹിക്കേണ്ടിവരും. കുടിവെള്ളം, ഭക്ഷണം, മരുന്നുകൾ എന്നിവയ്ക്കായി 2.5 ബില്യൺ ഡോളറിന്റെ അടിയന്തരസഹായം രാജ്യത്തിന് ആവശ്യമാണ്.



