കൊച്ചി: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ പരമാവധി സീറ്റുകൾ ട്വൻ്റി- 20യ്ക്ക് വിട്ടു നൽകാൻ എൻഡിഎ. ആറ് മുതൽ എട്ടു സീറ്റിൽ വരെ എറണാകുളം ജില്ലയിൽ ട്വൻ്റി- 20 മത്സരിക്കും. തൃപ്പൂണിത്തുറയിൽ സാബു ജേക്കബ് നേരിട്ട് ഇറങ്ങണമെന്നാണ് ദേശീയ നേതൃത്വം ആവശ്യപ്പെടുന്നത്. ബിജെപി വോട്ടുകൾക്കൊപ്പം ട്വൻ്റി- 20 വോട്ടുകൾ സമാഹരിക്കാനായാൽ ജയം ഉറപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ദേശീയ നേതൃത്വത്തോട് സാബു ജേക്കബ് തീരുമാനം അറിയിച്ചിട്ടില്ല.

അതേസമയം, നിയമസഭയിലേക്ക് മത്സരിക്കാൻ കേന്ദ്ര മന്ത്രിയും ഒരുങ്ങുന്നുവെന്ന് വിവരം. ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ ബിജെപി സ്ഥാനാർഥി ആകും. ബിജെപിയുടെ പ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് കാഞ്ഞിരപ്പള്ളി. മണ്ഡലത്തിൽ കേന്ദ്രീകരിക്കാൻ ജോർജ് കുര്യന് കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശം ലഭിച്ചിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളം സന്ദര്‍ശിക്കാൻ ഒരുങ്ങുകയാണ്. മാർച്ച് ആറിന് കൊച്ചിയിൽ മോദിയെത്തും. എൻഡിഎയുടെ പ്രകടന പത്രിക മോദി അന്ന് പുറത്തിറക്കും.