ആഫ്രിക്കൻ രാജ്യത്തെ പൗരൻമാരെ വിദേശത്തേക്ക് ആകർഷിച്ചു യുദ്ധമുന്നണിയിൽ പോരാടാൻ അയയ്ക്കുന്നതിനെതിരെ ജാഗ്രത പാലിക്കാൻ കഴിഞ്ഞ ദിവസം നൈജീരിയയുടെ വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തിരുന്നു. ആഫ്രിക്കൻ രാജ്യത്തെ പൗരന്മാരെ വിദേശത്തേക്ക് ആകർഷിക്കുകയും പോരാട്ട മേഖലകളിൽ വിന്യസിക്കുകയും ചെയ്യുന്നുവെന്നും അവർ പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഉക്രൈനിൽ രണ്ട് നൈജീരിയൻ പൗരൻമാർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ നിയമ വിരുദ്ധ റിക്രൂട്ടുമെന്റിനെ ‘വർധിച്ചുവരുന്നതും ആശങ്കാജനകവുമായ കേസുകൾ’ എന്നാണ് മന്ത്രാലയം വിശേഷിപ്പിച്ചത്.
“സമീപകാല മാധ്യമ അന്വേഷണങ്ങളും സുരക്ഷാ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത് നൈജീരിയൻ പൗരന്മാരെ ലാഭകരമായ തൊഴിൽ, സുരക്ഷാ ജോലികൾ, വിദ്യാഭ്യാസ അവസരങ്ങൾ അല്ലെങ്കിൽ കുടിയേറ്റ ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വ്യാജ വാഗ്ദാനങ്ങൾ നൽകി റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ്,” മന്ത്രാലയം പറഞ്ഞു. “ദൗർഭാഗ്യകരമായ ഇത്തരം സാഹചര്യങ്ങൾക്ക് ഇരകളായ നിരവധി നൈജീരിയക്കാരെ, തെറ്റിദ്ധരിപ്പിച്ച് സൈനിക സേവന കരാറുകളിൽ ഒപ്പിടാൻ നിർബന്ധിച്ചതിന് ശേഷം യുദ്ധ മേഖലകളിൽ വിന്യസിച്ചു” എന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം റഷ്യൻ സൈന്യത്തോടൊപ്പം പോരാടുന്നതിനിടെ രണ്ട് നൈജീരിയക്കാർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി ഉക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. കടുത്ത പോരാട്ടം നടക്കുന്ന കിഴക്കൻ ലുഹാൻസ്ക് മേഖലയിൽ നടന്ന ഒരു ആക്രമണത്തിലാണ് ഇവർ മരിച്ചതെന്ന് ഉക്രെയ്നിന്റെ സൈനിക രഹസ്യാന്വേഷണ ഏജൻസി അറിയിച്ചു. “റഷ്യയിലേക്കുള്ള ഒരു യാത്ര ‘ചാവേർ ബോംബർമാരുടെ’ ഒരു ആക്രമണ യൂണിറ്റിൽ എത്തിപ്പെടാനും ഒടുവിൽ ഉക്രേനിയൻ മണ്ണിൽ അഴുകാനുമുള്ള ഒരു യഥാർഥ അവസരമാണ്,” ഏജൻസി കൂട്ടിച്ചേർത്തു. അതേസമയം ഉയർന്ന ശമ്പളം, ബോണസ്, റഷ്യൻ പൗരത്വം വേഗത്തിൽ ഉറപ്പാക്കൽ തുടങ്ങിയ വാഗ്ദാനങ്ങളാണ് റിക്രൂട്ട്മെന്റ് തന്ത്രങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് നൈജീരിയ പറഞ്ഞു.
‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് വാർ’ എന്ന സ്ഥാപനത്തിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ പറയുന്നത്, മതിയായ, നിയമപരമായ മാർഗനിർദ്ദേശമില്ലാതെ വിദേശ ഭാഷകളിൽ കരാറുകളിൽ ഒപ്പിടാൻ ഇരകളെ നിർബന്ധിച്ചുവെന്നും, അവർ എത്തിച്ചേരുമ്പോൾ യാത്രാ രേഖകൾ കണ്ടുകെട്ടിയെന്നുമാണ്. അംഗീകൃത ചട്ടക്കൂടുകൾക്ക് പുറത്ത് വിദേശ സംഘട്ടനങ്ങളിൽ അല്ലെങ്കിൽ യുദ്ധ മുന്നണികളിൽ ചേരുന്ന നൈജീരിയക്കാർ “സ്വന്തം ഉത്തരവാദിത്തത്തിലാണ് അങ്ങനെ ചെയ്യുന്നത്” എന്നും അബുജയിലെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
റഷ്യയുടെ ഉക്രെയ്‌നിലെ യുദ്ധവുമായി ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റ് നീക്കങ്ങളെക്കുറിച്ച് ആഫ്രിക്കയിലുടനീളം വ്യാപകമായ ആശങ്ക പരത്തിയ സാഹചര്യത്തിലാണ് നൈജീരിയയുടെ ഈ മുന്നറിയിപ്പ്. 36 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള 1,400-ലധികം പൗരൻമ്മാരെയാണ് റഷ്യയ്ക്കുവേണ്ടി പോരാടാൻ റിക്രൂട്ട് ചെയ്തിരിക്കുന്നതെന്നു ഉക്രേനിയൻ ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ചിലരെ വഞ്ചനയിലൂടെയാണ് റിക്രൂട്ട് ചെയ്തിരിക്കുന്നത് . തങ്ങളുടെ 200-ലധികം പൗരന്മാർ റഷ്യൻ സൈന്യത്തിൽ ചേർന്നിട്ടുണ്ടാകാമെന്ന് കെനിയ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.
കെനിയൻ പൗരന്മാരെ റഷ്യ റിക്രൂട്ട് ചെയ്യുന്ന രീതി “അസ്വീകാര്യവും രഹസ്യവുമാണെന്ന്” കെനിയയുടെ വിദേശകാര്യ മന്ത്രി കഴിഞ്ഞ ആഴ്ച ബിബിസിയോട് പറഞ്ഞിരുന്നു. നെയ്‌റോബി നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്യുന്ന കമ്പനികൾ അടച്ചുപൂട്ടിയതായും കെനിയൻ പൗരന്മാരെ നിയമിക്കുന്നത് നിരോധിക്കുന്ന ഒരു കരാറിൽ ഒപ്പിടാൻ മോസ്കോയിൽ സമ്മർദ്ദം ചെലുത്തുമെന്നും പറഞ്ഞിരുന്നു.
തങ്ങളുടെ 17 പൗരന്മാർ റഷ്യൻ സേനയിൽ ചേരാൻ പോയതായും പിന്നീട് നാട്ടിലേക്ക് മടങ്ങാൻ സഹായം അഭ്യർഥിച്ച് ദുരിത സന്ദേശങ്ങൾ അയച്ചതായും ദക്ഷിണാഫ്രിക്ക അറിയിച്ചു. ഒരു ഉയർന്ന ബോഡിഗാർഡ് പരിശീലന കോഴ്‌സിലേക്ക് സ്വീകരിക്കപ്പെട്ടുവെന്ന് കരുതി റഷ്യയിലേക്ക് പോയ 20 വയസ്സുള്ള ഒരു ദക്ഷിണാഫ്രിക്കൻ പൗരന്റെ വിവരണം റോയിട്ടേഴ്‌സ് അന്വേഷണത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ, ഉക്രെയ്‌നിനെതിരെ പോരാടുന്ന ഒരു കൂലിപ്പടയാളിയായി അയാൾ മാറ്റപ്പെട്ടു.
കഴിഞ്ഞയാഴ്ച പ്രസിഡന്റ് സിറിൽ റമാഫോസയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ നടന്ന ഒരു ഫോൺ സംഭാഷണത്തിന് ശേഷം, “ഉക്രെയ്‌നിൽ റഷ്യൻ സേനയ്‌ക്കൊപ്പം പോരാടുന്ന ദക്ഷിണാഫ്രിക്കക്കാരെ തിരിച്ചയയ്ക്കുന്നതിനുള്ള പ്രക്രിയയ്ക്ക് ഇരു നേതാക്കളും പിന്തുണ വാഗ്ദാനം ചെയ്തു”. സമീപ വർഷങ്ങളിൽ ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ റഷ്യ തങ്ങളുടെ രാഷ്ട്രീയ-സുരക്ഷാ സാന്നിദ്ധ്യം വിപുലീകരിച്ചിട്ടുണ്ട്. സൈനിക ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുകയും നിരവധി സർക്കാരുകൾക്ക് പരിശീലനം, ആയുധങ്ങൾ, സുരക്ഷാ സഹായം എന്നിവ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.



