വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുമായി യാത്രക്കാരി. പ്രയാഗ്രാജില് നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ലഭിച്ച റൊട്ടിയും കച്ചോരിയും പ്ലാസ്റ്റിക് കവറുകളില്‍ സീല്‍ ചെയ്ത നിലയില്‍ നേരിട്ട് ചൂടാക്കിയാണ് നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടി അവാനി ബന്‍സാല്‍ എന്ന യാത്രക്കാരിയാണ് രംഗത്തെത്തിയത്. സംഭവത്തിന്റെ വീഡിയോ ഇവര്‍ എക്സില്‍ പങ്കുവെച്ചതോടെ റെയില്‍വേയിലെ ഭക്ഷണ വിതരണ രീതികളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമായി.
ഭക്ഷണം പാക്ക് ചെയ്ത പ്ലാസ്റ്റിക് കവറുകള്‍ മൈക്രോവേവ് ഓവനിലിട്ട് നേരിട്ട് ചൂടാക്കാറുണ്ടോ എന്ന അവാനിയുടെ ചോദ്യത്തിന് ട്രെയിനിലെ ജീവനക്കാരന് അതെ എന്ന് മറുപടി നല്‍കുന്നതായി വീഡിയോയിലുണ്ട്. എന്നാല്‍ ഈ കവറുകളില്‍ മൈക്രോവേവ് സേഫ് ആണെന്ന യാതൊരു സൂചനയും രേഖപ്പെടുത്തിയിട്ടില്ലെന്ന് യാത്രക്കാരി ചൂണ്ടിക്കാട്ടുന്നു. ഒരു ദിവസം മുന്‍പ് രാജധാനി എക്സ്പ്രസില്‍ യാത്ര ചെയ്തപ്പോഴും സമാനമായ അനുഭവം ഉണ്ടായതായും ഇവര്‍ വ്യക്തമാക്കി.
ഭക്ഷണം പൊതിഞ്ഞിരുന്ന പ്ലാസ്റ്റിക് കവറുകളില്‍ ‘തണുത്തതും ഉണങ്ങിയതുമായ സ്ഥലത്ത് സൂക്ഷിക്കുക’ എന്ന് മാത്രമാണ് നിര്‍ദ്ദേശമുള്ളത്. പ്ലാസ്റ്റിക് കവറുകള്‍ നേരിട്ട് ചൂടാക്കുമ്പോള്‍ രാസവസ്തുക്കള്‍ ഭക്ഷണത്തില്‍ കലരാന്‍ സാധ്യതയുണ്ടെന്നും ഇത് പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഗൗരവകരമായ വിഷയമാണെന്നും അവാനി ബന്‍സാല്‍ തന്റെ പോസ്റ്റില്‍ കുറിച്ചു. പ്ലാസ്റ്റിക് കവറുകള്‍ ‘ഫുഡ് ഗ്രേഡ്’ ആണെന്ന് പറയുന്നത് അവ നേരിട്ട് ചൂടാക്കാന്‍ അനുയോജ്യമാണെന്നതിന് തുല്യമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യാത്രക്കാരിയുടെ പോസ്റ്റ് വൈറലായതോടെ വിശദീകരണവുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് രംഗത്തെത്തി. നിലവിലുള്ള താപനില മാനദണ്ഡങ്ങള്‍ അനുസരിച്ച് ട്രെയിനിലെ ഭക്ഷണ വിതരണത്തിന് ഇത്തരം പാക്കിംഗ് അനുയോജ്യമാണെന്ന് ഐആര്‍സിടിസി മറുപടി നല്കി. ഈ പാക്കിംഗ് ആരോഗ്യത്തിന് ഹാനികരമല്ലെന്നും ഭക്ഷണം കഴിക്കുന്നത് സുരക്ഷിതമാണെന്നും അവര്‍ എക്സിലൂടെ അറിയിച്ചു.



