മലപ്പുറം: ശബരിമല തീർഥാടകരെ കെഎസ്ആർടിസി ബസില്‍ നിന്ന് രാത്രി ഇറക്കിവിട്ട സംഭവത്തിൽ പ്രതികരിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. രാത്രിയിൽ യാത്രക്കാരെ ഇറക്കിവിടുന്നത് തെറ്റായ നടപടിയാണെന്ന് ഗണേഷ് കുമാർ പറഞ്ഞു.
കാട്ടിലാണോ യാത്രക്കാരെ ഇറക്കിവിടുന്നതെന്നും മന്ത്രി ചോദിച്ചു. പണം ഇല്ലെങ്കിൽ പോലും അങ്ങനെ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പ്രതികരിച്ചു. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായും ഗണേഷ് കുമാർ അറിയിച്ചു. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വിജിലൻസ് വിഭാഗവും കേസിൽ അന്വേഷണം നടത്തുന്നുണ്ട്. കണ്ടക്ടർ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ സ്ഥലംമാറ്റ നടപടി റദ്ദാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പമ്പയിൽനിന്നു നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയിൽ ഇറക്കിവിട്ടത്. നിലയ്ക്കൽ സ്റ്റാൻഡിൽ കയറാതെ ഒരു കിലോമീറ്റർ അപ്പുറം വനമേഖലയിൽ തീര്‍ഥാടകരെ ഇറക്കിവിട്ടെന്നാണ് പരാതി. പമ്പ – തിരുവനന്തപുരം കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെയാണ് തീര്‍ഥാടകര്‍ പരാതിയുമായി രംഗത്തെത്തിയത്.



