സുഡാനിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) എൽ-ഫാഷർ നഗരം പിടിച്ചെടുത്ത് വെറും മൂന്ന് ദിവസത്തിനുള്ളിൽ നടത്തിയ ആക്രമണത്തിനിടെ ആറായിരത്തിലധികം പേർ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം റിപ്പോർട്ട് ചെയ്തു. ആഭ്യന്തരയുദ്ധം തകർത്ത സുഡാനിൽ നിന്നും മനഃസാക്ഷിയെ നടുക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

വടക്കൻ ഡാർഫറിലെ തന്ത്രപ്രധാന നഗരമായ എൽ ഫാഷർ ന​ഗരം പിടിച്ചെടുക്കാൻ ആർഎസ്എഫ് നടത്തിയ കൊടുംക്രൂരതയിൽ കൊല്ലപ്പെട്ടത് സാധാരണക്കാരാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നഗരത്തിനുള്ളിൽ വച്ച് 4,400 പേരും, പ്രാണരക്ഷാർഥം പലായനം ചെയ്യുന്നതിനിടെ 1,600 പേരും കൊല്ലപ്പെട്ടു എന്ന് കണക്കുകൾ പറയുന്നു. ആക്രമണത്തിനു പുറമെ പുറമെ ലൈംഗികാതിക്രമങ്ങൾ, തട്ടിക്കൊണ്ടുപോകൽ, പീഡനം എന്നിവയും അരങ്ങേറിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇവ യുദ്ധക്കുറ്റകൃത്യങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും തുല്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ഒരു യൂണിവേഴ്സിറ്റി കെട്ടിടത്തിൽ അഭയം പ്രാപിച്ച ആയിരം പേർക്കു നേരെ ആർ‌എസ്‌എഫ് പോരാളികൾ വെടിയുതിർത്തപ്പോൾ മൃതദേഹങ്ങൾ വായുവിലേക്ക് എറിയപ്പെട്ടെന്നും അത് ഒരു ഹൊറർ സിനിമയിലെ ഒരു രംഗം പോലെയായിരുന്നു എന്നും ദൃക്‌സാക്ഷി ഓർമ്മിക്കുന്നു. നടന്നത് വെറും പോരാട്ടമല്ലെന്നും മറിച്ച് വംശഹത്യയ്ക്കും യുദ്ധക്കുറ്റങ്ങൾക്കും സമാനമായ അതിക്രമങ്ങളാണെന്നും യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് പറഞ്ഞു.