ധാക്ക: ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിലെ ബിഎൻപിയുടെ വൻവിജയത്തിന് പിന്നാലെ മുഹമ്മദ് യൂനുസിൽനിന്ന് താരിഖ് റഹ്മാനിലേക്ക് നടക്കാനിരിക്കുന്ന അധികാര കൈമാറ്റത്തിലേക്ക് ഉറ്റുനോക്കി ഇന്ത്യ. 2025-ലെ സർക്കാർ വിരുദ്ധ പ്രക്ഷോഭവും അന്നത്തെ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ പലായനത്തിനും പിന്നാലെ നിലവിൽ വന്ന ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായിരുന്നു നോബൽ പുരസ്കാര ജേതാവ് കൂടിയായ മുഹമ്മദ് യൂനുസ്.
ബിഎൻപിയുടെ ആക്ടിങ് ചെയർമാനും അന്തരിച്ച മുൻപ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്മാനാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിസ്ഥാനത്തേക്ക് എത്തുക. താരിഖ് റഹ്മാൻ സർക്കാർ, മുഹമ്മദ് യൂനുസിന് ഉപദേശക പദവിയോ അല്ലെങ്കിൽ ആലങ്കാരിക പദവികളോ നൽകാൻ സാധ്യതയുണ്ടെന്ന് ഉന്നതവൃത്തങ്ങൾ സൂചിപ്പിക്കുന്നു. യൂനുസിന് അന്താരാഷ്ട്ര തലത്തിലുള്ള ബന്ധങ്ങൾ ഉപയോഗപ്പെടുത്താൻ താരിഖ് റഹ്മാൻ സർക്കാർ ഇത്തരം നടപടികളെടുത്തേക്കുമെന്നാണ് സൂചന.
ബംഗ്ലാദേശ് കടക്കാനൊരുങ്ങുന്ന ‘യൂനുസ് അനന്തര കാലത്തെ’ അതീവശ്രദ്ധയോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്. പുതുതായി നിലവിൽ വരുന്ന സർക്കാരുമായി ക്രിയാത്മകമായ ഇടപെടൽ നടത്താനുള്ള ഒരുക്കത്തിലാണ് ന്യൂഡൽഹി. യൂനുസിന്റെ കാലത്ത് ബംഗ്ലാദേശിൽ ആസൂത്രിതമായി ഇന്ത്യാവിരുദ്ധത കടുത്തത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സുരക്ഷാ ആശങ്കകൾക്ക് വഴിവെച്ചിരുന്നു. ഈ ജനുവരിയിൽ, 118 ജോയിന്റ് സെക്രട്ടറിമാരുടെ സ്ഥാനക്കയറ്റ പട്ടികയിൽനിന്ന് ഹിന്ദു ഉദ്യോഗസ്ഥരെ മനഃപൂർവം ഒഴിവാക്കിയത് ബംഗ്ലാദേശ് ഭരണസംവിധാനത്തിലെ ന്യൂനപക്ഷ പ്രാതിനിധ്യത്തിന് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തുന്നത്.
മുഹമ്മദ് യൂനുസിന്റെ കാലം, ബംഗ്ലാദേശും പാകിസ്താനും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതിനും സാക്ഷിയായിരുന്നു. 2025-ൽ ഇരുരാജ്യങ്ങളും തമ്മിൽ നാല് ഉന്നതതലയോഗങ്ങളാണ് നടന്നത്. വിസാ നടപടിക്രമങ്ങളിൽ ഇളവുകൾ നിലവിൽ വരികയും ചെയ്തിരുന്നു.



